വിമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ബാലറ്റ് പേപ്പർ എസ്എഫ്ഐ തട്ടിയെടുത്തതായി പരാതി
Friday, May 17, 2024 2:06 AM IST
കണ്ണൂർ: വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ അതിക്രമിച്ച് കയറി ബാലറ്റ് പേപ്പർ തട്ടിയെടുത്തതായി പരാതി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ രണ്ടാം വർഷ എംബിഎ വിദ്യാർഥി അതുൽ ജോസഫാണ് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് പരാതി നല്കിയത്.
കോളജിൽ നിന്നും ബാലറ്റ് പേപ്പർ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്നും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം അതുൽ ജോസഫിന്റെ കയ്യിൽ നിന്നും ബാലറ്റ് പേപ്പർ തട്ടിപ്പറിച്ചോടിയത്.
ജനാധിപത്യ സംവിധാനങ്ങളെയൊക്കെ കാറ്റിൽപറത്തി സെനറ്റ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.
കോളജ് കാമ്പസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐയുടെ നേതാക്കൾ തന്നെ ഇത്തരം ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് പരാജയ ഭീതി മൂലമാണെന്നും നഷ്ടപ്പെട്ട ബാലറ്റ് പേപ്പർ വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടി രജിസ്ട്രാർ കൈക്കൊള്ളണമെന്നും കെഎസ് യു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.