ഏലക്കൃഷി നാശം: അര്ഹമായ സഹായം നല്കുമെന്ന് മന്ത്രി
Friday, May 17, 2024 2:06 AM IST
കട്ടപ്പന: കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ കൃഷി മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെയാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റവും അധികം വരൾച്ച ബാധിച്ച മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
കുമളി വെള്ളാരംകുന്ന്,കട്ടപ്പനയിൽ വള്ളക്കടവ്, സുവർണഗിരി എന്നീ മേഖലകളും കാഞ്ചിയാറിൽ പാലക്കട, നരിയംപാറ എന്നിവിടങ്ങളിലെ കരിഞ്ഞുണങ്ങിയ ഏലത്തോട്ടങ്ങളും മന്ത്രി സന്ദർശിച്ചു. ഇതിനുശേഷം കട്ടപ്പന ഹിൽ ടൗൺ ഹോട്ടലിൽ കർഷക സംഘടന പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ കാർഷിക മേഖലയിൽ ആകമാനമുണ്ടായ നാശനഷ്ടങ്ങളിൽ കൂടുതലും ഇടുക്കിയിലാണെന്ന് മന്ത്രി പറഞ്ഞു.പ്രാഥമിക അന്വേഷണത്തിൽ 175 കോടി രൂപയുടെ നഷ്ടം ഇടുക്കിയിൽ മാത്രമുണ്ട്.
കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 16200 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി നശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൃഷി നാശം സംഭവിച്ച കർഷകരെ സ്പൈസസ് ബോർഡ് അടക്കമുള്ള കാർഷിക ബോർഡുകൾ സഹായിക്കണമെന്ന് ആവശ്യപ്പെടും. മുഖ്യമന്ത്രി,വിവിധ ബോർഡുകൾ,ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ കടാശ്വാസ കമ്മീഷൻ ഉണ്ടെങ്കിലും സഹകരണ ബാങ്കുകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.
ദേശസാത്കൃത ബാങ്കുകൾ കർഷകർക്ക് നൽകിയിട്ടുള്ള വായ്പകളിൽ പലിശ ഇളവ് നൽകണം,നാശനഷ്ടം നേരിട്ട കർഷകർക്ക് അർഹമായ സഹായം സർക്കാർ നൽകുമെന്നും പി.പ്രസാദ് പറഞ്ഞു. യോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ എം.എം. മണി, എ. രാജ,വാഴൂർ സോമൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ സി.വി. വർഗീസ്, കെ. സലിംകുമാർ, ജോസ് പാലത്തിനാൽ, കെ. കെ. ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.ഇടുക്കിയെ വരൾച്ച ബാധിത ജില്ലയാക്കണമെന്നാണ് യോഗത്തിൽ പൊതുവെ ഉയർന്ന ആവശ്യം.