കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് മാതാപിതാക്കൾ അറിഞ്ഞത് വായിലെ പഞ്ഞി കണ്ട്
Friday, May 17, 2024 2:06 AM IST
കോഴിക്കോട്: നാലുവയസുകാരിയുടെ വായില്‍ പഞ്ഞി കണ്ടപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് മാതാപിതാക്കള്‍ അറിഞ്ഞത്. ശസ്ത്രക്രിയ പൂര്‍ത്തിയായെന്നു പറഞ്ഞ് കുട്ടിയെ ബുധനാഴ്ച രാവിലെ നഴ്സ് വാര്‍ഡിലേക്കു കൊണ്ടുവരികയായിരുന്നു.
വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അന്വേഷിച്ചത്. കൈയിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. തുടര്‍ന്നായിരിന്നു ബന്ധുക്കളുമായി ആശുപത്രി അധികൃതര്‍ ചര്‍ച്ച നടത്തിയത്. സംഭവം മൂടിവയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചു. ബന്ധുക്കള്‍ പരസ്യമായി പ്രതികരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
എന്താണു സംഭവിച്ചതെന്നു വിശദമായി പരിശോധിക്കുമെന്നും തുടര്‍നടപടികള്‍ അതിനു ശേഷം തീരുമാനിക്കുമെന്നും മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീത് വ്യക്തമാക്കി.
അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. മെഡിക്കൽ കോളജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിനടിയിലെ ചെറിയ വൈകല്യം ശ്രദ്ധയിൽ പെടുകയായിരുന്നു.
നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാൽ ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാറില്ല. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാൽ ഇപ്പോൾ പ്രതൃക്ഷപ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും പൂർണമായി വികസിച്ചു കഴിഞ്ഞാൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നെന്നാണ് കെജിഎംസിടിഎ വാര്‍ത്താക്കുറിപ്പിൽ പറയുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോൾ തന്നെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും അപ്പോൾ തന്നെ ചെയ്യുകയായിരുന്നു. ഇത് ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസിലാക്കുകയും ചെയ്തു.
ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണെന്നും നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം, ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നേരത്തേ ഡോക്ടര്‍ വീഴ്ച സമ്മതിച്ചിരുന്നു. ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ല എന്ന് ഡോക്ടർ എഴുതിയ രേഖയും പുറത്തുവന്നിരുന്നു.