പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി; പ്രതികളിലൊരാൾ അറസ്റ്റിൽ
Saturday, May 18, 2024 2:02 AM IST
തൃശൂര്‍: രണ്ടരക്കോടി രൂപ കൊടുത്തില്ലെങ്കിൽ പറവൂർ സ്ത്രീപീഡനക്കേസിൽ പ്രതിയാക്കുമെന്നും പീഡനകാര്യം യുട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ എറണാകുളം സ്വദേശി അറസ്റ്റിൽ.
തൃശൂർ പാപ്പിനിവട്ടം സ്വദേശിയിൽനിന്നു പണം ആവശ്യപ്പെട്ട കേസിൽ എറണാകുളം തൃക്കാക്കര തൈക്കാട്ടുകര സ്വദേശി കരുണനിവാസിൽ ബോസ്കോ (39) ആണ് അറസ്റ്റിലായത്.
പരാതിക്കാരന്റെ കൂട്ടുകാരനും ബിസിനസ് പാർട്ണറുമായ വ്യക്തിയെ വിളിച്ചാണു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയത്. പ്രതികൾ പിന്നീടു യുട്യൂബ് ചാനലിൽ പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചിരുന്നു.
തൃശൂർ ഈസ്റ്റ് ഇൻസ്പെക്ടർ എം. സുജിത്ത്, എസ്ഐ പ്രമോദ്, അസിസ്റ്റന്റ് എസ്ഐ ദുർഗാലക്ഷ്മി, സിപിഒമാരായ വൈശാഖ്, ഷാൻ, അരുൺജിത്ത് എന്നിവരാണ് അന്വേഷണം നടത്തിയത്.