‘മഞ്ഞുമ്മല്‍ ബോയ്സ്’ കേസില്‍ തുടര്‍നടപടികള്‍ക്കു സ്റ്റേ
Saturday, May 18, 2024 3:04 AM IST
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസിലെ തുടര്‍നടപടികള്‍ക്കു ഹൈക്കോടതിയുടെ സ്റ്റേ.
നിര്‍മാണക്കമ്പനിയായ പറവ ഫിലിംസ് പാര്‍ട്ണറും കേസിലെ മൂന്നാം പ്രതിയുമായ ബാബു ഷാഹിര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബിജു ഏബ്രഹാം കേസിലെ തുടര്‍നടപടികള്‍ ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
സിനിമയ്ക്കായി ഏഴു കോടി രൂപ നിക്ഷേപിച്ച തനിക്ക് ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണു മരട് പോലീസ് കേസെടുത്തിട്ടുള്ളത്.
ബാബു ഷാഹിന്റെ മകനും നടനുമായ സൗബിന് ഷാഹിര്‍, നിര്‍മാണ പങ്കാളി ഷോണ്‍ ആന്റണി എന്നിവരും പ്രതികളാണ്. സിറാജ് കരാര്‍ലംഘനം നടത്തിയെന്നും സമയത്തു തുക നല്‍കാതെ ഷൂട്ടിംഗ് പ്രതിസന്ധിയിലാക്കിയെന്നുമാണ് ബാബു ഷാഹിറിന്റെ വാദം.
അതിനാല്‍ ലാഭവിഹിതത്തിന് അര്‍ഹനല്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കപരിഹാരത്തിന് സിവില്‍ കേസ് നിലവിലുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ആഗ്രഹം. ഇതിനിടെ ക്രിമിനല്‍ കേസ് നല്‍കിയത് തങ്ങളെ സമ്മര്‍ദത്തിലാക്കാനും പബ്ലിസിറ്റിക്കും വേണ്ടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.