ഒരു വിദ്യാർഥിയെയും തോൽപ്പിക്കുന്നത് സർക്കാർ നയമല്ല: മന്ത്രി വി. ശിവൻകുട്ടി
Wednesday, May 29, 2024 1:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിദ്യാർഥിയെയും മാറ്റിനിർത്തുകയോ തോല്പിക്കുകയോ ചെയ്യുന്ന നയമല്ല സർക്കാരിനുള്ളതെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മൂല്യനിർണയ പരിഷ്കരണ കോണ്‍ക്ലേവിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിദ്യാർഥികളുടെ അക്കാദമിക് ഗുണനിലവാരം വർധിപ്പിക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. ഇതിനായി ഏതൊക്കെ തലത്തിൽ മാറ്റം വരുത്തണമെന്നത് സർക്കാർ പരിശോധിക്കും.
മുൻ വർഷങ്ങളിൽ ദേശീയ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷകളിലെല്ലാം വിദ്യാർഥികൾ പിന്നോട്ടു പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തിയേ മതിയാവൂ. ഇതിനായി അധ്യാപകരും മെച്ചപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.