ബാര്‍കോഴ വിവാദം: അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി
Wednesday, May 29, 2024 1:43 AM IST
നെടുങ്കണ്ടം: ബാര്‍കോഴ വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അണക്കര സ്പൈസ് ഗ്രോവ് ബാർ എക്സിക്യൂട്ടീവ് ഡയറക്ടർ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി.
അനിമോന്റെ ശബ്ദസന്ദേശത്തില്‍ സ്പൈസ് ഗ്രോവ് ഹോട്ടല്‍ രണ്ടര ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ വിളിച്ചുവരുത്തിയത്.
ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ടു ജില്ലയിലെ ബാര്‍ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തില്‍ അനിമോനുകൂടി പങ്കാളിത്തമുള്ള അണക്കര സ്പൈസസ് ഗ്രോവ് ഹോട്ടലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രണ്ടര ലക്ഷം രൂപ നല്‍കിയെന്ന പരാമര്‍ശം ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണം നടത്താൻ ചുമതല നല്‍കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ജില്ലയിലെത്തി അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തിയത്.
പ്രധാനമായും പണം നല്‍കിയോ എന്നതിനെ സംബന്ധിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍. എന്നാല്‍, തന്നോടാരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ടര ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും അരവിന്ദാക്ഷന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. അതേസമയം, മുമ്പ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പണം നല്‍കിയതായും അരവിന്ദാക്ഷന് ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്.