നാലുവയസുകാരനെ കൊലപ്പെടുത്തിയശേഷംഅച്ഛൻ ജീവനൊടുക്കി
Thursday, May 30, 2024 12:48 AM IST
വരാപ്പുഴ: നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയശേഷം അച്ഛൻ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തിൽ സിപി കലുങ്കിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫ് (41) ആണ് മകൻ അൽ ഷിഫാസിനെ (നാല്) തൂക്കികൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ഷെരീഫും ഒപ്പം താമസിക്കുന്ന ഖദീജ (30) യുമായുള്ള അഭിപ്രായ വ്യത്യാസമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം.
ആറു വർഷം മുന്പാണ് ഇവർ ഒരുമിച്ചു താമസമാക്കിയത്. മരിച്ച അൽ ഷിഫാസ് ഈ ബന്ധത്തിലുള്ള മകനാണ്. ഷെരീഫിനും ഖദീജയ്ക്കും മുൻ വിവാഹത്തിൽ മൂന്നു മക്കൾ വീതമുണ്ടെങ്കിലും ഇവർക്കൊപ്പമല്ല താമസം.
മൂന്നാഴ്ച മുന്പാണ് ഷെരീഫ് വരാപ്പുഴയിൽ വാടകയ്ക്കു വീടെടുത്ത് മകനോടൊപ്പം ഇവിടെ താമസമാക്കിയത്. എന്നാൽ ഖദീജ ഇവർക്കൊപ്പമായിരുന്നില്ല താമസം. ആലുവ മുട്ടത്തുള്ള ഒരു ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി ഷെരീഫും ഖദീജയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. മരിക്കാൻ പോകുന്ന വിവരം ഷെരീഫ് പറഞ്ഞതായി സൂചനയുണ്ട്. ഇതിനുശേഷമാണ് കുട്ടിയെ കൊലപ്പെടുത്തി ഷെരീഫ് ആത്മഹത്യ ചെയ്തത്.
വാടകവീടിന്റെ മുകൾനിലയിലെ മുറിയിലെ ഹുക്കിൽ മകനെ പ്ലാസ്റ്റിക് കയറിൽ കെട്ടി തൂക്കിക്കൊലപ്പെടുത്തിയശേഷം ഷെരീഫ് വീടിന്റെ ഹാളിൽ തൂങ്ങിമരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് രാത്രിയിൽ വീട്ടിൽ പോലീസെത്തുന്പോൾ ഖദീജയും എത്തിയിരുന്നു. എന്നാൽ വീടിനകത്തേക്കു കയറ്റാൻ പോലീസ് സമ്മതിക്കാതിരുന്നതിനെത്തുടർന്ന് അവർ തിരിച്ചുപോയി. വളാഞ്ചേരി ആതവനാട്ടിൽ കോഴിക്കച്ചവടമായിരുന്നു ഷെരീഫിന്.
വീടിനു സമീപം ഫ്ലാറ്റിൽ താമസിക്കാനെത്തിയപ്പോഴാണ് ചാവക്കാട് സ്വദേശിനിയായ ഖദീജയെ പരിചയപ്പെടുന്നതും പിന്നീട് ഒരുമിച്ച് താമസമാക്കുന്നതും. ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെയാണ് ഷെരീഫ് ഖദീജയ്ക്കൊപ്പം താമസമാക്കിയത്.
അതിനുശേഷം മൂന്നു വർഷം വളാഞ്ചേരിയിൽ തന്നെയായിരുന്നു താമസം. രണ്ടു വർഷം മുന്പാണ് അവിടം വിട്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മലപ്പുറത്തെ വീട്ടിലേക്ക് ബന്ധുക്കൾ കൊണ്ടുപോയി.