തെരഞ്ഞെടുപ്പിനു മുന്പ് പദ്ധതികൾ പൂർത്തിയാക്കാൻ നോഡൽ ഓഫീസർമാർ
Thursday, May 30, 2024 2:06 AM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു കേന്ദ്രാവിഷ്കൃത പദ്ധതികൾ അടക്കം പൂർത്തിയാക്കാൻ ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയമിച്ച് സർക്കാർ.
അടുത്ത 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന പദ്ധതികൾ നടപ്പാക്കാനാണു നോഡൽ ഓഫീസർമാരെ നിയോഗിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ പദ്ധതികൾ പൂർണമായോ ഭാഗികമായോ പൂർത്തീകരിക്കുകയാണു പ്രധാന ലക്ഷ്യം.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാൻ കഴിയുന്ന പദ്ധതികൾ നടപ്പാക്കുക, പദ്ധതി പൂർത്തീകരണത്തിനു ടൈംലൈൻ തയാറാക്കുക, ഫണ്ട് ആവശ്യകതകൾ സർക്കാരിനെ അറിയിക്കുക തുടങ്ങിയവയാണ് നോഡൽ ഓഫീസർമാരുടെ ചുമതല.
മേയ് മാസത്തിലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 18 മാസം കൊണ്ട് പൂർത്തിയാക്കാവുന്ന കർമ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസർമാരെ നിയോഗിച്ചത്.