കരിനിഴലായി ‘അവയവക്കച്ചവടം’
Thursday, May 30, 2024 2:06 AM IST
സിജോ പൈനാടത്ത്
കൊച്ചി: അവയവദാനം എന്ന മഹാനന്മയ്ക്കുമേല് ഒറ്റപ്പെട്ട സംഭവങ്ങള്‍ കരിനിഴല്‍ വീഴ്ത്തുമ്പോള്‍ കേരളത്തില്‍ അവയവം ലഭിക്കാൻ കാത്തിരിക്കുന്നത് നൂറുകണക്കിനു രോഗികളാണ്. മരണശേഷം ഉള്‍പ്പെടെ അവയവദാനം കുറയുന്ന കേരളത്തില്‍, അടിയന്തരമായി ഹൃദയം ഉള്‍പ്പെടെ വിവിധ അവയവങ്ങള്‍ മാറ്റിവയ്ക്കേണ്ട സ്ഥിതിയിലുള്ള രോഗികള്‍ നിരവധിയാണ്.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനിലാണ് (കെ-സോട്ടോ) അയവങ്ങള് ലഭിക്കുന്നതിന് രോഗികള്‍ പേരു രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. സംസ്ഥാനത്തെ വൃക്കരോഗികളില്‍ 2,867 പേര് അടിയന്തരമായി വൃക്കകളിലൊന്നെങ്കിലും മാറ്റിവയ്ക്കേണ്ട സ്ഥിതിയിലുള്ളവരാണെന്ന് കെ-സോട്ടോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്രയും പേര് വൃക്കദാതാക്കളെ ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
72 പേരാണു ഹൃദയം ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കരള്‍ ലഭിക്കാന്‍ കാത്തിരിക്കുന്നത് 415 രോഗികള്‍. കൈ 11, പാന്‍ക്രിയാസ് 10, ശ്വാസകോശം മൂന്ന് എന്നിങ്ങനെയാണു വിവിധ അവയവങ്ങള്‍ക്കായി കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ കണക്ക്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരളത്തില്‍ അവയവദാനത്തിന്റെ എണ്ണത്തില്‍ കുറവു സംഭവിച്ചിട്ടുള്ളതായി കെ-സോട്ടോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വൃക്കദാനം 2023ല്‍ നടന്നത് 20 എണ്ണം മാത്രമാണ്. 2022ല്‍ 28, 2021ല്‍ 29, 2020ല്‍ 41 എന്ന നിലയിലായിരുന്നു വൃക്കദാതാക്കളുടെ എണ്ണം.
2014, 2015, 2016 വര്‍ഷങ്ങളില്‍ നൂറിനു മുകളിലായിരുന്നു (യഥാക്രമം 104,132,113) സംസ്ഥാനത്ത് വൃക്കദാതാക്കളുടെ എണ്ണം. കരള്‍ദാനം കഴിഞ്ഞ വര്‍ഷം നടന്നത് 11 എണ്ണം മാത്രം.