വ്യാജ ട്രേഡിംഗ് ആപ്പ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനു നഷ്ടമായത് 1.94 കോടി
Saturday, July 13, 2024 1:55 AM IST
കാഞ്ഞങ്ങാട്: ലാഭവിഹിതം നല്‍കാമെന്നു പറഞ്ഞ് വ്യാജ ട്രേഡിംഗ് ആപ്പുകള്‍ വഴി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനില്‍നിന്നു തട്ടിയെടുത്തത് 1,94,42,603 രൂപ. പള്ളിക്കര പനയാലിലെ ബി.പി. കൈലാസ് (37) ആണ് തട്ടിപ്പിനിരയായത്.
ജെംവേ, ജെംവിജി എന്നീ ട്രേഡിംഗ് ആപ്പുകള്‍ വഴിയാണ് ജൂണ്‍ രണ്ടു മുതല്‍ ജൂലൈ അഞ്ചുവരെഇരുപതോളം ഇടപാടുകള്‍ നടത്തി പണം തട്ടിയെടുത്തത്. ലാഭവിഹിതമോ മുടക്കുമുതലോ തിരികെ കിട്ടാതായതോടെ സംഘത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്നാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
40 ലക്ഷത്തോളം രൂപയാണ് തന്റെയും അമ്മയുടെയും പക്കൽ ഉണ്ടായതെന്നും ബാക്കി തുകയെല്ലാം സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളിൽനിന്നും വാങ്ങി നല്‍കിയതാണെന്നും കൈലാസ് പറഞ്ഞു.
വാട്സ് ആപ് ഗ്രൂപ്പിലാണ് ആദ്യം തന്നെ ആഡ് ചെയ്തത്. പിന്നീട് തട്ടിപ്പുകാര്‍ നേരിട്ട് ചാറ്റിലൂടെ ബന്ധപ്പെടുകയായിരുന്നു. തട്ടിപ്പിനു പിന്നില്‍ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉള്ളതെന്നും സംശയിക്കുന്നു.