വിഴിഞ്ഞം മിഴി തുറന്നു
Saturday, July 13, 2024 1:55 AM IST
തോമസ് വർഗീസ്
വിഴിഞ്ഞം: വിഴിഞ്ഞത്തിന്റെ കടലോരത്ത് കേരളം കണ്ട സ്വപ്നം പൂവണിഞ്ഞു. പ്രൗഡഗംഭീരമായ സദസിനെ സാക്ഷിനിർത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റണ്‍ ഇന്നലെ നടന്നപ്പോൾ കേരളവികസനത്തിന്റെ ചരിത്രത്തിൽ മറ്റൊരു അധ്യായം കൂടി എഴുതിച്ചേർത്തു.
ആയിരങ്ങളെ സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖത്തിന്റെ ട്രയൽ റണ്‍ ഉദ്ഘാടനം ചെയ്തു. ചൈനയിൽനിന്നു കണ്ടെയ്നറുകളുമായി എത്തിയ സാൻ ഫെർണാണ്ടോ എന്ന മദർ കപ്പലിനെ സ്വീകരിച്ചായിരുന്നു ട്രയൽ റണ്‍ ഉദ്ഘാടനം. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി.
ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ഡാനിഷ് കണ്ടെയ്നർ ഷിപ്പ് കന്പനി മെർസ്ക് ലൈനിന്റെ "സാൻ ഫെർണാണ്ടോ' ചൈനയിലെ ഷിയാമൻ തുറമുഖത്തുനിന്നാണ് വിഴിഞ്ഞത്തെത്തിയത്. 2000ത്തോളം കണ്ടെയ്നറുകളാണ് കപ്പലിൽനിന്ന് വിഴിഞ്ഞത്തിറക്കുന്നത്.
വെള്ളയും നീലയും കലർന്ന ബലൂണുകൾ ആകാശത്തേക്ക് ഉയർത്തിവിട്ട് ആഹ്ളാദം പങ്കുവച്ചാണ് കപ്പലിനെയും അതിലെ ജീവനക്കാരെയും സ്വീകരിച്ചത്. തുടർന്നാണ് പൊതുസമ്മേളനം ആരംഭിച്ചത്.
വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായിരുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
ഈ തുറമുഖം വികസനത്തിന്റെ അനന്ത സാധ്യതകളാണ് സമ്മാനിക്കുക. കൊളംബോ, സിംഗപ്പുർ തുറമുഖങ്ങളെ ആശ്രയിച്ച് ചരക്കു ഗതാഗതം നടത്തിയിരുന്ന കൂടുതൽ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തുറമുഖനിർമാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്കിയ പിന്തുണയ്ക്ക് അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരണ്‍ അദാനി നന്ദി പറഞ്ഞു. സംസ്ഥാന തുറമുഖ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, എം. വിൻസെന്റ് എംഎൽഎ, എ.എ. റഹീം എംപി എന്നിവർ പ്രസംഗിച്ചു.
മന്ത്രിമാരായ കെ. രാജൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ഒ.ആർ. കേളു, മേയർ ആര്യ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, വിസിൽ എംഡി ദിവ്യ എസ്. അയ്യർ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, മോണ്‍. നിക്കോളാസ് എന്നിവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതമാശംസിച്ച ചടങ്ങിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എസ്. ശ്രീനിവാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ പേരു പരാമർശിച്ച് കരൺ അദാനി; പറയാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയൽ റണ്‍ ഉദ്ഘാടനസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരു പരാമർശിച്ച് അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരണ്‍ അദാനി.
തുറമുഖം യാഥാർഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്കിയ പിന്തുണയ്ക്കു നന്ദി പറഞ്ഞ കരണ്‍ അദാനി, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു. ഒപ്പം ഇന്നലത്തെ യോഗത്തിൽനിന്നു വിട്ടുനിന്ന സ്ഥലം എംപി ഡോ. ശശി തരൂരിന്റെ പേരും പരാമർശിച്ചു.
എന്നാൽ, തുറമുഖ ട്രയൽ റണ്‍ ഉദ്ഘാടനം നടത്തി പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ തുറമുഖ കരാർ ഒപ്പുവച്ച അന്നത്തെ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയെക്കുറിച്ച് പരാമർശങ്ങൾ ഒന്നുമുണ്ടായില്ല.