ഫാ. ആർമണ്ട് മാധവത്ത് ഇനി ദൈവദാസൻ
Sunday, July 14, 2024 2:11 AM IST
റെനീഷ് മാത്യു
ഇരിട്ടി: ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകരിൽ പ്രധാനിയുമായിരുന്ന കപ്പൂച്ചിൻ സഭാംഗം ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പട്ടാരം വിമലഗിരി ധ്യാനകേന്ദ്രം അങ്കണത്തിൽ നടന്നു. ദൈവദാസ പദവി പ്രഖ്യാപന ചടങ്ങുകൾക്കും തിരുക്കർമങ്ങൾക്കും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.
ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, പാവനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ മിനിസ്റ്റർ റവ. ഡോ. തോമസ് കരിങ്ങടയിൽ, സെന്റ് ജോസഫ് പ്രോവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. ചെറിയാൻ സ്കറിയ, തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കുടിയിൽ, ആർമണ്ടച്ചന്റെ സഹോദരപുത്രൻ ഫാ. ബിജു മാധവത്ത് എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധകുർബാനമധ്യേ മാർ ജോസഫ് പാംപ്ലാനി ഫാ. ആർമണ്ടിനെ ദൈവദാസനായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ സന്ദേശം വായിച്ചു. തുടർന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിക്കുന്നതായും അറിയിച്ചു. മാർപാപ്പയുടെ ലത്തീൻ ഭാഷയിലുള്ള സന്ദേശം റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേലും ദൈവദാസ പ്രഖ്യാപന നടപടിക്രമങ്ങൾ ഫാ. ജിതിൻ ആനിക്കുടിയിലും വായിച്ചു.
ദൈവദാസപദവി പ്രഖ്യാപിച്ചതോടെ രൂപതാധ്യക്ഷൻ അടങ്ങുന്ന മൂന്ന് കമ്മീഷനുകളുടെ സത്യപ്രതിജ്ഞയും വിശുദ്ധകുർബാന മധ്യേ നടന്നു. തിയോളജിക്കൽ, ഹിസ്റ്റോറിക്കൽ, എൻക്വയറി കമ്മീഷനാംഗങ്ങളുടെ സത്യപ്രതിജ്ഞയാണു നടന്നത്.
കമ്മീഷനംഗങ്ങൾ അച്ചന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും പഠനം നടത്തി വത്തിക്കാനിലേക്ക് നൽകുന്ന റിപ്പോർട്ടിനുശേഷമാണ് അടുത്തഘട്ട നടപടികൾ ആരംഭിക്കുക. വിശുദ്ധ കുർബാനയ്ക്കുശേഷം കാർമികർ ആർമണ്ടച്ചന്റെ കബറിടത്തിൽ പ്രാർഥന നടത്തി.ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം പ്രാർഥനയ്ക്കു നേതൃത്വം നൽകി.
വിവിധ രൂപതകളിലെ വൈദികപ്രതിനിധികൾ, കപ്പൂച്ചിൻ സഭയുടെ വിവിധ പ്രവിശ്യകളിലെ അംഗങ്ങൾ, വിവിധ സന്യാസസഭകളുടെ പ്രതിനിധികൾ, ആർമണ്ടച്ചന്റെ കുടുംബാംഗങ്ങൾ, വിവിധ രൂപതകളിൽനിന്നുള്ള വിശ്വാസികൾ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.