രക്ഷാകരങ്ങൾ അകലെ ജോയി കാണാമറയത്ത്
Monday, July 15, 2024 3:38 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങി ഒഴുക്കില്‍പ്പെട്ടു കാണാതായ തൊഴിലാളി എന്‍. ജോയിയെ രണ്ടാം ദിവസത്തെ തെരച്ചിലിനൊടുവിലും കണ്ടെത്താനായില്ല. ഇന്നലെ രാത്രി പത്തോടെ അവസാനിപ്പിച്ച തെരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും.
ശനിയാഴ്ച രാവിലെ പതിന്നോടെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ടാണ് ജോയിയെ കാണാതായത്. പുല ർച്ചെ രണ്ടു വരെ അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും തെരച്ചില്‍ നടത്തി. തുടര്‍ന്നു ദേശീയ ദുരന്തനിവാരണ സേന എത്തിയെങ്കിലും തെരച്ചില്‍ ദുഷ്കരമായി.
ഇന്നലെ രാവിലെ ആറിനു തെരച്ചില്‍ പുനരാരംഭിച്ചിട്ടും ഫലമുണ്ടായില്ല. രാവിലെ ഒന്‍പതിന് പ്ലാറ്റ്ഫോമുകള്‍ക്കിടയിലെ സ്ലാബുകള്‍ നീക്കം ചെയ്തു പരിശോധന തുടങ്ങി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പര്‍ മൂന്നിനും നാലിനുമിടയിലുള്ള സ്ലാബുകളാണ് ആദ്യം നീക്കം ചെയ്തത്. വൈകുന്നേരം അഞ്ചാടെ പ്ലാറ്റ് ഫോം നമ്പര്‍ അഞ്ചിന് അടിയിലെ മാന്‍ഹോളിലേക്ക് വെള്ളം ശക്തമായി പമ്പ് ചെയ്തു മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. മാലിന്യങ്ങള്‍ക്കിടയില്‍ ജോയി കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചാം പ്ലാറ്റ്ഫോമിന്റെ അടിയിലേക്ക് തെരച്ചില്‍ നടത്തിയത്.
12 അംഗ സ്കൂബാ ടീം അംഗങ്ങളായിരുന്നു സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാന്‍ഹോളിനുള്ളില്‍ തെരച്ചില്‍ നടത്തിയത്. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനാല്‍ ടണലിൽ അധിക ദൂരം സഞ്ചരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു സാധിച്ചില്ല.
ടണലിന്റെ നീളം 150 മീറ്ററാണ്. എന്നാല്‍ ഇവിടെ മാലിന്യങ്ങള്‍ പാറപോലെ അടിഞ്ഞു കിടക്കുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിച്ചതെന്നു നേതൃത്വം നല്കിയവര് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ടണലിന്റെ ഏതാണ്ട് 40 മീറ്ററോളം ഉള്ളിലേക്കു പരിശോധന നടത്തി. അഗ്നിരക്ഷാ സേനയും സ്കൂബ ടീമും ചേര്‍ന്ന് ടണലിന്റെ രണ്ടു വശങ്ങളില്‍നിന്നാണ് തെരച്ചില്‍ നടത്തിയത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ റോബോട്ടിക് കാമറയില്‍ മനുഷ്യശരീരം പോലെ എന്തോ കണ്ടെത്തിയെങ്കിലും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മാലിന്യമാണെന്നു തിരിച്ചറിഞ്ഞു.