ഐഎന്‍എസ് സിന്ധുധ്വജ് അഴീക്കല്‍ സില്‍ക്കില്‍ പൊളിച്ചുതുടങ്ങി
Wednesday, July 17, 2024 1:04 AM IST
കണ്ണൂര്‍: നാവികസേനാ അന്തര്‍വാഹിനി ഐഎന്‍എസ് സിന്ധുധ്വജ് അഴീക്കല്‍ സില്‍ക്കില്‍ പൊളിച്ചുതുടങ്ങി. 2022 ജൂലൈ 16ന് ഡി കമ്മീഷന് ചെയ്ത സിന്ധുധ്വജ് വിശാഖപട്ടണത്തുനിന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് അഴീക്കലില്‍ എത്തിച്ചതെന്ന് ചെയര്മാന് മുഹമ്മദ് ഇഖ്ബാലും എംഡി ടി.ജി. ഉല്ലാസ് കുമാറും അറിയിച്ചു.
റഷ്യയില്‍നിന്നു വാങ്ങിയ അന്തര്‍വാഹിനി 35 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡി കമ്മീഷന് ചെയ്തത്. ആറുമാസംകൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിൽക്കിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഇരുവരും അറിയിച്ചു.
സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാസ്ഥാപനം എന്ന നിലയില്‍ എല്ലാ ചട്ടങ്ങളും പാലിച്ചാണു പൊളിച്ചുനീക്കല്‍ നടത്തുന്നത്. പൊളിക്കലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അന്തര്വാഹിനിക്കകത്തുനിന്ന് എന്തെല്ലാം ലഭിക്കുമെന്ന് പറയാന്‍ സാധിക്കൂ.
തുറമുഖ വകുപ്പുമായി ഏകോപിപ്പിച്ചാണു പ്രവൃ ത്തി. പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റേതുള്‍പ്പെടെ അനുമതിയുണ്ട്. ഏതെങ്കിലും വകുപ്പിന്റെ അനുമതി വാങ്ങാനുണ്ടെങ്കില്‍ അതും വാങ്ങിക്കും. നേവിയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മാറ്റിയതിനു ശേഷമാണു ഡി കമ്മീഷന് ചെയ്തത്.
സ്വകാര്യസ്ഥാപനമായ സിത്താര ട്രേഡേഴ്സ് എന്ന സ്ഥാപനമാണ് അന്തര്‍വാഹിനി പൊളിച്ചു നീക്കാന്‍ ഏറ്റെടുത്തത്. കേവലം പൊളിച്ചുനീക്കല്‍ മാത്രമാണു സില്‍ക്കില്‍ നടത്തുന്നത്. ഒരു ടണ്‍ പൊളിച്ചുനീക്കാന്‍ 4525 രൂപയും ജിഎസ്ടിയും ലഭിക്കും. സില്‍ക്ക് സ്വകാര്യ ഏജന്‍സിക്ക് പൊളിച്ചുനീക്കാന്‍ നല്‍കുന്നത് 2400 രൂപയും ജിഎസ്ടിയും.
പൊളിച്ചുനീക്കുന്ന അവശിഷ്ടങ്ങള്‍ വിൽക്കുന്നത് സിത്താര ട്രേഡേഴ്സ് നേരിട്ടാണ്. പൊളിക്കുന്ന കമ്പനിയെ ടെൻഡര്‍ വിളിച്ചു നിശ്ചയിച്ചതാണെന്നും ഇരുവരും പറഞ്ഞു.
പത്രസമ്മേളനത്തിൽ സീനിയര്‍ മാനേജര്‍മാരായ എം.പി. അബ്ദുള്‍ കരിം, കെ.വി. ഹരീഷ്, യൂണിറ്റ് ഇന്‍ചാര്‍ജ് എന്‍.പി. ജയേഷ് ആനന്ദ് എന്നിവരും പങ്കെടുത്തു.