പോലീസ് സേനയ്ക്കുള്ളിൽ പൊട്ടിത്തെറി: പുതിയ തസ്തിക സൃഷ്ടിക്കാതെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽനിന്ന് സൈബർ പോലീസ്
Wednesday, July 17, 2024 1:05 AM IST
പി. ജയകൃഷ്ണൻ
കണ്ണൂർ: അടിയന്തരഘട്ടങ്ങളിൽ പോലീസിന്റെ വിവരവിനിമയ സംവിധാനം ഏകോപിപ്പിക്കേണ്ട ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ 270 ജീവനക്കാരെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായി പുതിയ സൈബർ ഡിവിഷനിലേക്കു മാറ്റിയതിനെതിരേ പോലീസ് സേനയ്ക്കും അസോസിയേഷനും ഉള്ളിൽ പൊട്ടിത്തെറി.
കണ്ണൂരിൽ ഓൺലൈൻ മീറ്റിംഗിനിടെയുണ്ടായ, സേനയ്ക്കുള്ളിലെ അസഭ്യവർഷത്തിനു പിന്നിലും ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലുള്ളവരെ ലോക്കൽ സ്റ്റേഷനിലേക്കു മാറ്റാനുള്ള നീക്കത്തിൽ അസോസിയേഷൻ സ്വീകരിച്ച മൗനമാണെന്നും ആരോപണമുണ്ട്.
പുനർവിന്യാസ നടപടികളുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെ സൈബർ വിഭാഗത്തിലേക്കു മാറ്റിയതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ദീപികയോടു പറഞ്ഞത്. ജനോപകാരപ്രദമായ രീതിയിലും സ്റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന തരത്തിലുമാണ് പുനർവിന്യാസം നടപ്പാക്കിയതെന്നുമാണ് വിശദീകരണം.
സൈബർ പോലീസ് രൂപവത്കരിക്കുന്നതോടെ ഭീമമായ ഫണ്ട് കേന്ദ്രത്തിൽനിന്നു സംസ്ഥാനത്തിനു ലഭിക്കുമെന്നറിയുന്നു. ഇതിന്റെ ഭാഗമായാണു പെട്ടെന്ന് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലുള്ള കുറച്ചുപേരെ സൈബർ പോലീസ് വിഭാഗത്തിലേക്കു മാറ്റിയതെന്നാണു പോലീസ് അസോസിയേഷനിലെ ഒരു വിഭാഗംതന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി ഇവർക്ക് 18 ദിവസത്തെ നിർബന്ധിത പരിശീലനവും നല്കി.
കേരള പോലീസ് അസോസിയേഷന്റെ ഓൺലൈൻ മീറ്റിംഗിനിടയിലുണ്ടായ തെറിവിളി നേതാക്കൾക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെന്ന ചർച്ചയും സേനയ്ക്കുള്ളിൽ സജീവമാണ്. പ്രതിപക്ഷാനുകൂല വിഭാഗത്തിലുള്ളവർ ഉപയോഗിച്ച ഭാഷയിൽ പലരും വിയോജിപ്പു പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രകടിപ്പിച്ച വികാരത്തിൽ വസ്തുതയുണ്ടെന്നാണു ഭരണാനുകൂലികൾ പോലും പറയുന്നത്.
ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലുള്ളവരെ സൈബർ വിഭാഗത്തിലേക്ക് മാറ്റുന്നതിനെതിരേ അസോസിയേഷൻ നേതാക്കൾ മൗനം പാലിച്ചതാണ് ഭരണാനുകൂല വിഭാഗത്തിൽത്തന്നെ കടുത്ത പ്രതിഷേധത്തിനിടയാക്കിയത്.
സൈബറിനായി പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിനു സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് അസോസിയേഷൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരും ഇടപെടലും നടത്തിയില്ല. വിഷയം ചർച്ച ചെയ്യാൻ പോലും നേതാക്കൾ തയാറായില്ല. ഇതാണ് അകൽച്ചയ്ക്ക് ഇടയാക്കിയത്.
ഇത് തിരിച്ചടിയാകുമെന്നു കണ്ട അസോസിയേഷൻ നേതാക്കൾ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് അകന്നു നിൽക്കുന്നവരെ അടുപ്പിക്കുന്നതിനും വോട്ട് ഉറപ്പിക്കുന്നതിനുമായി ഓൺലൈൻ മീറ്റിംഗ് വിളിച്ചതെന്നാണ് ആരോപണം. ഈ മീറ്റിംഗിലാണ് സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ ചീത്തവിളിയുണ്ടായത്.