ബസിനു സൈഡ് കൊടുക്കവേ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു ഭർത്താവ് മരിച്ചു; ഭാര്യക്കു പരിക്ക്
Friday, July 19, 2024 1:41 AM IST
തിരുവന്പാടി: കെഎസ്ആർടിസി ബസിനു സൈഡുകൊടുക്കുന്പോൾ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞു പരിക്കേറ്റ ദന്പതികളിൽ ഭർത്താവ് മരണമടഞ്ഞു. പുല്ലൂരാംപാറ-തിരുവന്പാടി റോഡിൽ തുന്പച്ചാലിൽ ബുധനാഴ്ച വൈകുന്നേരം സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ തോട്ടുമൂഴി ഓണാട്ട് ഏബ്രഹാമിന്റെ മകൻ റോയി (45) യാണു മരിച്ചത്.
ബസിനു സൈഡ് കൊടുക്കുന്നതിനിടയിൽ സ്കൂട്ടർ 15 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. പരിക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റോയി ഇന്നലെ പുലർച്ചെയാണ് മരിച്ചത്. അമ്മ: പരേതയായ മേരി പുല്ലൂരാംപാറ കളത്തൂർ കുടുംബാംഗം.
ഭാര്യ: ഷൈനി ചെന്പനോട പാലാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ലിബിൻ, ലിഡിയ, റോബിൻ. റോയിയുടെ സംസ്കാരം ഇന്ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
തിരുവന്പാടി-ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കാളിയാന്പുഴയിൽനിന്നു തുന്പച്ചാൽ വഴിയാണ് ഇപ്പോൾ വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. റോഡിനു വേണ്ടത്ര വീതി ഇല്ലാത്തതിനാൽ ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.