താനും ഉമ്മൻ ചാണ്ടിയും വേട്ടയാടപ്പെട്ടവർ: ബിനീഷ് കോടിയേരി
Friday, July 19, 2024 1:41 AM IST
കോട്ടയം: ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുന്‍ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി പുതുപ്പള്ളിയിലെത്തി.
തന്നെപ്പോലെ പ്രതിയോഗികളാല് വേട്ടയാടപ്പെട്ട അനുഭവം ഉമ്മന്‍ ചാണ്ടിക്കുമുണ്ടായിട്ടുണ്ട്. അത്തരത്തില്‍ കാലങ്ങളോളം സമാനമായ ദുഖം അനുഭവിക്കേണ്ടിവന്ന ഒരു കുടുംബത്തോടും ഉമ്മന്‍ ചാണ്ടിയോടുമുള്ള ആദരവുകൊണ്ടാണ് ചടങ്ങിനെത്തിയത്. രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി മാതൃകയാണ്.
ആരോപണങ്ങളെ അദ്ദേഹം ധീരമായി നേരിട്ടതായി ബിനീഷ് കോടിയേരി പറഞ്ഞു. സിപിഎം നേതാക്കളുടെ അസാന്നിധ്യത്തിലായിരുന്നു ബിനീഷിന്റെ പുതുപ്പള്ളി സന്ദര്‍ശനം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണു മടങ്ങിയത്.