ബ്ലോക്ക് പഞ്ചായത്തുകളിൽ 187 വാർഡുകൾ കൂടും
അതിർത്തി പുനർനിർണയത്തിന് വാർഡുകളുടെ എണ്ണം ജനസംഖ്യാനുപാതത്തിൽ നിശ്ചയിച്ചപ്പോൾ സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 വാർഡുകളാണുണ്ടായിരുന്നത്. ഇത് 2267 ആയി ഉയരും. ബ്ലോക്ക് പഞ്ചായത്തുകളിൽ 187 വാർഡുകൾ വർധിക്കും.
ജില്ലാ പഞ്ചായത്തിൽ 15 ഡിവിഷനുകൾ കൂടും
ജില്ലാ പഞ്ചായത്തുകളിലായി 15 ഡിവിഷനുകൾ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോന്നുമാണ് അധികമായി വരുന്നത്. ഇതുവരെ 331 ഡിവിഷനുകളാണുണ്ടായിരുന്നത്. ഇപ്പോഴത് 346 ആയി.
ഇനി തദ്ദേശസ്ഥാപന അതിർത്തിനിർണയ ചർച്ചകൾ
തിരുവനന്തപുരം: വാർഡുകളുടെ എണ്ണം ഉയർത്തിയതോടെ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തിനിർണയ ചർച്ചകളിലേക്ക് കടക്കും. വാർഡ് പുനർവിഭജന കമ്മീഷൻ യോഗം ചേർന്ന് മാർഗനിർദേശം പുറപ്പെടുവിക്കും. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അതിർത്തി നിർണയിച്ച് വാർഡുകൾക്ക് പേര് നൽകും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ആക്ഷേപങ്ങളും പരാതികളും കേൾക്കും. വാർഡ് പുനർവിഭജനം സംബന്ധിച്ച് അന്തിമവിജ്ഞാപനം കമ്മീഷൻ പുറപ്പെടുവിക്കും. അടുത്ത വർഷം ഒക്ടോബർ-നവംബറിൽ ഈ വാർഡുകളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കും.