വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം തുടങ്ങിയ സാമൂഹിക വികസനവും പൊതു സേവനങ്ങളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉത്തരവാദിത്വങ്ങളും സംസ്ഥാനങ്ങളെ ഏൽപ്പിച്ചിരിക്കുമ്പോൾ, വരുമാനം സൃഷ്ടിക്കുന്നതിനുള്ള അധികാരത്തിന്റെ ഭൂരിഭാഗവും യൂണിയൻ നിലനിർത്തുന്ന അവസ്ഥയാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നതെന്ന് തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു അഭിപ്രായപ്പെട്ടു.
സാമൂഹിക നീതിക്കുവേണ്ടിയും തുല്യതയ്ക്കായുള്ള അന്വേഷണത്തിന്റെ ഭാഗവുമായാണ് കേരള സർക്കാർ സംഘടിപ്പിച്ച കോൺക്ലേവിനെ കാണുന്നതെന്ന് കർണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബേരെ ഗൗഡ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജിഡിപി, നികുതി വരുമാനം, അഭിവൃദ്ധി എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്ന സംസ്ഥാനമാണ് കർണാടക.
കേന്ദ്ര സർക്കാരിന് സംഭാവന ചെയ്യുന്ന ഓരോ 100 രൂപയ്ക്കും, സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നത് 40 രൂപയാണ്. അതേസമയം ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ ധനവിഹിതം ലഭിക്കുന്ന സാഹചര്യവുമുണ്ട്.
തുല്യമായ നികുതി വിഹിതമല്ല മറിച്ച് ന്യായമായ പ്രതിഫലമാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.