അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: വി. ശിവൻകുട്ടി
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
നിയമസഭയിൽ കെ.ജെ. മാക്സി എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ സ്വകാര്യ പ്ലേ സ്കൂളായ മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേസ്കൂളിലെ മൂന്നരവയസുള്ള കുട്ടി ടീച്ചർ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താൽ കുട്ടിയെ ടീച്ചർ ക്രൂരമായി മർദിച്ചു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.
സംഭവത്തിൽ എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മട്ടാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നടപടിയുമായി മുന്നോട്ടു പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ മാനേജ്മന്റ് ടീച്ചറെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.