ആദ്യ ഭാര്യയുടെ പരാതി; നടന് ബാലയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു
Tuesday, October 15, 2024 2:06 AM IST
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപമാനിച്ചെന്ന ആദ്യ ഭാര്യയുടെ പരാതിയില്‍ നടന് ബാലയെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പാലാരിവട്ടത്തെ വീട്ടില്‍നിന്ന് കടവന്ത്ര പോലീസ് ആണ് ബാലയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് ജില്ലാ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാലയ്ക്കു കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
സമൂഹ മാധ്യമങ്ങളില്‍ പരാതിക്കാരിക്കും മകള്‍ക്കും എതിരായ പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍. പരാതിക്കാരിയെയും കുടുംബത്തെയും ശല്യപ്പെടുത്തരുതെന്നും, വിഷയത്തില്‍ ഇനി സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നുമാണു ബാല കോടതിയില്‍ വാദിച്ചത്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ബാല മകള്‍ക്കും മുന്‍ ഭാര്യക്കും എതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ മാനേജരുടെയും സുഹൃത്തിന്റെയും സഹായമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്.
ബാലയില്നിന്നു തനിക്കും അമ്മയ്ക്കും നേരേയുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം മകള്‍ സമൂഹ മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിരുന്നു. ബാലയെ കാണാനോ സംസാരിക്കാനോ താത്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ബാലയും ഇതിനു മറുപടി നല്കി. ഇതേതുടര്‍ന്ന് ബാലയും മുന്‍ ഭാര്യയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണു കേസും അറസ്റ്റും.
വിവാഹമോചനം നേടിയ ശേഷവും ബാല പിന്തുടര്ന്ന് വേട്ടയാടുകയാണെന്നാണു മുന്‍ ഭാര്യയുടെ പരാതി. മകളുടെ സമൂഹമാധ്യമങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് പെയ്ഡ് ഓണ്‍ലൈന്‍ ചാനലുകള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ബാലയുടെ ഭാഗത്തുനിന്നു പലതരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെങ്കിലും മകളെ പൊതുമാധ്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നു കരുതിയാണ് 14 വര്‍ഷം മിണ്ടാതിരുന്നതെന്നു പരാതിക്കാരിയായ മുന്‍ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഇനി നിശബ്ദയായിരിക്കാന് കഴിയില്ല. സഹിക്കാന്‍ പറ്റുന്നതിന്റെ പരിധിവിട്ടപ്പോഴാണ് പരാതി നല്‍കിയതെന്ന് പരാതിക്കാരി പറഞ്ഞു.
“എന്റെ കണ്ണീരിനു ദൈവം പകരം ചോദിക്കും”
തന്നെ അറസ്റ്റ് ചെയ്തതില്‍ വേദനയില്ലെന്നും എന്നാല്‍ സ്വന്തം ചോരതന്നെ എതിരായി സംസാരിക്കുമ്പോള്‍ വേദനയുണ്ടെന്നും ബാല പ്രതികരിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്തിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്ന് മനസിലാകുന്നില്ല. കുടുംബത്തെ ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിനു വേണ്ടിയാണ് ഇതെന്ന് നിങ്ങള്‍ തീരുമാനിക്കൂ. എന്റെ കണ്ണീരിനു ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല.
കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം നല്‍കും ബാല പറഞ്ഞു. പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ബാലയുടെ അഭിഭാഷക പറഞ്ഞു. കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.