നടന് ബൈജുവിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; മദ്യപിച്ച് വാഹനമോടിച്ചതിനു കേസ്
Tuesday, October 15, 2024 2:06 AM IST
തിരുവനനന്തപുരം: നടൻ ബൈജു സന്തോഷ് മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു.
ഞായര്‍ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. അപകടത്തിനുശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്കാന് തയാറായില്ല.
തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയാറായില്ലെന്നും ഡോക്ടര്‍ പോലീസിനു മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്കി. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിനു മ്യൂസിയം പോലീസ് ബൈജുവിനെതിരേ കേസെടുത്തു.
പിന്നീട് രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതു ടയര്‍ പഞ്ചറായിട്ടുണ്ട്.അപകടത്തില്‍പ്പെട്ട ഇരുചക്രവാഹനയാത്രക്കാരന് പരാതി നല്‍കിയിട്ടില്ല.
അതേസമയം നടന് ബൈജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി മകള്‍ ഐശ്വര്യ രംഗത്തെത്തി. കാറില്‍ ഉണ്ടായിരുന്നത് താനല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നുവെന്നും ഐശ്വര്യ സമൂഹ മാധ്യമത്തില്‍ കുറിച്ചു.