നടി ആക്രമണക്കേസ്; അതിജീവിതയുടെ ഉപഹര്‍ജി തള്ളി
Tuesday, October 15, 2024 2:06 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണമാവശ്യപ്പെട്ട് അതിജീവിത നല്കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി.
ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ആവശ്യമെങ്കില്‍ പുതിയ ഹര്‍ജി നല്‍കാമെന്നും ജസ്റ്റീസ് സി.എസ്. ഡയസ് ഉത്തരവിട്ടു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നേരത്തേ വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടത്.
വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് തന്നെ വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ഉപഹര്‍ജിയുമായി നടി വീണ്ടും കോടതിയെ സമീപിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി, എറണാകുളം സെഷന്‍സ് കോടതി, എറണാകുളം സിബിഐ പ്രത്യേക കോടതി എന്നിവിടങ്ങളിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്നാണു സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ടിലുള്ളത്.
2018 ജനുവരി ഒന്‍പതിന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദും ഡിസംബര്‍ 13ന് ജില്ലാ സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലര്‍ക്ക് മഹേഷ് മോഹനുമാണു പരിശോധിച്ചത്. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാല്‍ ഈ പരിശോധനകളില്‍ തെറ്റില്ലെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ 2021 ജൂലൈ 19ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീനാണ്.
വിവോ ഫോണ്‍ ഉപയോഗിച്ചു നടത്തിയ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ മതിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് പ്രതിഭാഗത്തിന് സഹായകരമാകുന്ന പരാമര്‍ശമാണെന്ന ആരോപണമായിരുന്നു ഉപഹര്ജിയിലുന്നയിച്ചത്.
ജില്ലാ ജഡ്ജിയുടെ കണ്ടെത്തല്‍തന്നെ പോലീസ് അന്വേഷണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണെന്നും ഹര്‍ജിക്കാരി വാദിച്ചിരുന്നു. എന്നാല്‍ നേരത്തേ അതിജീവിത നല്കിയ ഹര്‍ജിയില്‍ പോലീസ് അന്വേഷണമാണ് ആവശ്യപ്പെട്ടത്. അത് അനുവദിക്കാതെ ജില്ലാ സെഷന്‍സ് ജഡ്ജിയോടു വസ്തുതാന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹർജി ഹൈക്കോടതി തീര്‍പ്പാക്കി.
പുതിയ ഒരു സംഭവത്തില്‍ തീര്‍പ്പാക്കിയ ഹര്‍ജിയില്‍ ഉപഹര്‍ജിയായി പഴയ ആവശ്യം വീണ്ടും അതിജീവിത ഉന്നയിക്കുകയാണ്. ഒരിക്കല്‍ അവസാനിപ്പിച്ച കേസില്‍ സമാന ആവശ്യം അനുവദിക്കാനാവില്ലെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
അതേസമയം, നിയമപരമായ യുക്തമായ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ അതിജീവിതയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.