നടി മാലാ പാര്‍വതിയെ വെര്‍ച്വല്‍ അറസ്റ്റിലാക്കി പണം തട്ടാന്‍ ശ്രമം
Tuesday, October 15, 2024 2:06 AM IST
കൊച്ചി: മുംബൈ പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് നടി മാലാ പാര്‍വതിയില്‍നിന്നു പണം തട്ടാന്‍ ശ്രമം. വെര്‍ച്വല്‍ അറസ്റ്റ് വഴി പണം തട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തട്ടിപ്പു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതിനാല്‍ പണം നഷ്ടമായില്ലെന്നു മാലാ പാര്‍വതി പറഞ്ഞു. സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നു മാലാ പാര്‍വതി പറഞ്ഞു.
“കഴിഞ്ഞ ദിവസം മധുരയില്‍ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. രാവിലെ പത്തോടെയാണ് എന്റെ മൊബൈല്‍ ഫോണിലേക്ക് തട്ടിപ്പ് സംഘത്തിന്റെ വിളിയെത്തിയത്. ഡിഎച്ച്എല്‍ എന്ന സ്ഥാപനത്തില്‍നിന്ന് ഒരു പാഴ്സല്‍ തടഞ്ഞുവച്ചിട്ടുണ്ടന്നായിരുന്നു സന്ദേശം. നേരത്തെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതിനാല്‍ വിവരം സത്യമായിരിക്കുമെന്നാണു കരുതിയത്. ഉടന്‍തന്നെ അവരുടെ കസ്റ്റമര്‍ കെയറിലേക്കു ബന്ധപ്പെട്ടു.
വിവരങ്ങള്‍ അറിയിച്ചപ്പോള്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് ഒരു പാഴ്സല്‍ പോയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ മുംബൈയില്‍നിന്നു പാഴ്സല്‍ അയച്ച നമ്പര്‍, തയ്വാനില് അത് അയച്ച ആളുടെ നമ്പര്‍ അഡ്രസ് എല്ലാം കൈമാറി.
പാഴ്സലില്‍ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ എന്നിവയാണുള്ളതെന്നാണ് അവര്‍ അറിയിച്ചത്. പിന്നാലെ അവര്‍ എന്നെ മുംബൈ പോലീസുമായി തന്നെ ബന്ധപ്പെടുത്തുകയായിരുന്നു.
പലരുടെയും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നുണ്ടെന്നും ഇത് വലിയ ശൃംഖലയാണെന്നുമായിരുന്നു പോലീസ് പറഞ്ഞത്. പ്രകാശ് കുമാര്‍ ഗുണ്ടു എന്നയാളോടാണ് ഞാന്‍ സംസാരിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് എന്നു പറഞ്ഞ് പരിചയപ്പെടുത്തിയ അദ്ദേഹം ഐഡി കാര്‍ഡും എനിക്ക് അയച്ചു തന്നു.
തട്ടിപ്പു സംഘം 12 സംസ്ഥാനങ്ങളില്‍ എന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയെന്നാണു പറഞ്ഞത്.ഇതിനുപിന്നാലെ എന്റെ ബാങ്ക് വിവരങ്ങളും അവര്‍ തേടി. സംശയം തോന്നാത്ത വിധമായിരുന്നു അവരുടെ പെരുമാറ്റം.
അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ടുകള്‍ എവിടെയൊക്കെയാണെന്ന് പറഞ്ഞു കൊടുത്തു. ഇതിനിടെ ഒരിക്കല്‍ക്കൂടി പോലീസ് ഉദ്യോഗസ്ഥന് അയച്ചു തന്ന ഐഡി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് അതില്‍ അശോക സ്തംഭം ഇല്ലെന്നു മനസ്സിലായത്.
ഇത് ഗൂഗിളില്‍ തെരഞ്ഞ് ഉറപ്പുവരുത്തുകയും ചെയ്തു. ഇതോടെയാണു തട്ടിപ്പാണെന്ന് മനസിലായത്. പിന്നീട് ഫോണ്‍ കട്ടായി. എന്റെ മാനേജര്‍ തിരിച്ച് വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. ഏതാണ്ട് 72 മണിക്കൂറോളം എന്നെ വെര്‍ച്വല്‍ അറസ്റ്റിലാക്കാനാണ് തട്ടിപ്പ് സംഘം ശ്രമം നടത്തിയത്’’- മാലാ പാര്‍വതി പറഞ്ഞു.