വനത്തിനു പുറത്തും അധികാരം വേണം; സമ്മര്‍ദവുമായി വനം ജീവനക്കാരുടെ സംഘടന
Wednesday, December 11, 2024 1:22 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: 1961ലെ കേരള ഫോറസ്റ്റ് ആക്ട് ഭേദഗതി ബില്‍ നിയമമാകുന്നതോടെ ഭാരതീയ ന്യായ സംഹിത അനുസരിച്ചു പോലീസിനുള്ളതുപോലെ കൂടുതല്‍ അധികാരങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കി വനംവകുപ്പ് ജീവനക്കാരുടെ സംഘടന.
വനംസംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വനപാലകര്‍ക്ക്, വനത്തിനു പുറത്തുവച്ചുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ടും നേരിട്ട് നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കണമെന്നാണു സംഘടനയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ആവശ്യം.
1961ലെ കേരള ഫോറസ്റ്റ് ആക്ട് ഭേദഗതിയില്‍ ഇതുമായി ബന്ധപ്പെട്ട നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് വനംജീവനക്കാരുടെ സംഘടന സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ട്.
വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ പൊലിയുമ്പോഴും നാശനഷ്ടങ്ങളുണ്ടാകുമ്പോഴും സ്ഥലത്തെത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ജനങ്ങളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുന്നുണ്ട്. വനത്തിനുള്ളില്‍ വച്ചുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ടു മാത്രമാണു നിലവില്‍ വനപാലകര്‍ക്കു കേസെടുക്കാന്‍ അധികാരമുള്ളത്.
വനത്തിനു പുറത്തുവച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസം നേരിടുന്ന അവസരങ്ങളിലും ജീവനക്കാര്‍ക്കു നേരേയുള്ള പ്രതിഷേധങ്ങളിലും വനപാലകരുടെ പരാതി പ്രകാരം പോലീസാണുകേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതിനു പകരം വനം ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം സംഭവങ്ങളില്‍ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്താനുള്ള അധികാരം നല്‍കണമെന്നതാണ് സംഘടനയുടെ ആവശ്യം.
അതിനിടെ, വനപാലകര്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്കിയാല് വന്യജീവിശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ വനംഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
വന്യജീവി ആക്രമണം തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെടുന്നതാണ് ഉദ്യോഗസ്ഥര്‍ക്കു നേർക്ക് ജനരോക്ഷമുയരാന് കാരണം. ഈ സാഹചര്യത്തില്‍ വനത്തിനു പുറത്തുള്ള സംഭവങ്ങളിലും കേസെടുക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്കു അനുമതി നല്കുന്നതില് കര്‍ഷക സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വനംകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വാറന്റില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്നതടക്കമുള്ള ഭേദഗതികള്‍ അടങ്ങുന്ന ബില്‍ കഴിഞ്ഞമാസമാണു പ്രസിദ്ധീകരിച്ചത്. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമമായേക്കും.