അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച്
ജെറി എം. തോമസ്
Thursday, February 6, 2025 6:11 AM IST
കൊച്ചി: സംസ്ഥാനവ്യാപകമായി വലിയ തട്ടിപ്പിനു കളമൊരുക്കിയ അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ വ്യാപകമായി ഉപയോഗിച്ച്. മന്ത്രിമാരും എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഈ പദ്ധതിയുടെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്.
അനന്തു കോ-ഓര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് സഹകരിച്ചിരുന്നു.
രാധാകൃഷ്ണന്റെ ‘സൈന്‍’എന്ന സന്നദ്ധ സംഘടനയാണ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അനന്തുവിന്റെ ഫ്ളാറ്റില്‍ നടന്നിരുന്നുവെന്നാണ് വിവരം. അനന്തുവിന്റെ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സീഡ്) ലീഗല്‍ അഡ്വൈസറാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. മറൈന്‍ ഡ്രൈവിലെ അനന്തുവിന്റെ മൂന്ന് ഫ്ളാറ്റുകളും കൈകാര്യം ചെയ്തത് ലാലി വിന്സെന്റായിരുന്നുവെന്നാണ് വിവരം.
തട്ടിപ്പുവലയിൽ കുരുങ്ങി സാമൂഹ്യപ്രവർത്തകരും
കാസർഗോഡ്: പകുതി വിലയ്ക്ക് ഇരുചക്രവാഹനവും തയ്യൽ മെഷീനും വീട്ടുപകരണങ്ങളും നല്കുമെന്നു വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ കുരുങ്ങി കാസർഗോഡ് ജില്ലയിൽ പണം നഷ്ടമായവരിൽ സാമൂഹ്യപ്രവർത്തകരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും. സ്വയംസഹായ സംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും മറ്റുമായി ബന്ധപ്പെടുത്തി ഇവർ ഇതിനു വ്യാപകമായ പ്രചാരണം നല്കി.
ഇവരുടെ വിശ്വാസ്യത കണക്കിലെടുത്ത് നിരവധി സ്ത്രീകൾ പെട്ടെന്നുതന്നെ പദ്ധതിയിൽ പണമടയ്ക്കുകയും ചെയ്തു. പദ്ധതി തട്ടിപ്പാണെന്നറിഞ്ഞതോടെ കേസിൽ പെടാതിരിക്കാൻ ഇവർ സ്വന്തം കൈയിൽനിന്നു പണമെടുത്ത് സ്ത്രീകൾക്ക് തിരികെ നല്കാൻ തുടങ്ങിയതായി സൂചനയുണ്ട്. പരാതി നല്കിയാലും നിയമക്കുരുക്കും വയ്യാവേലികളും നേരിടേണ്ടിവരുമെന്നു കരുതിയാണ് പലരും നഷ്ടം സഹിക്കുന്നത്. കാസർഗോഡ് ജില്ലയിൽ എഴുപത്തഞ്ചോളം സ്ത്രീകൾ പദ്ധതിയിൽ പണമടച്ചിട്ടുണ്ടെന്നാണു സൂചന.