മലയോര പട്ടയം; സംയുക്ത പരിശോധന ഏപ്രിലിൽ തുടങ്ങും
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: 1977 ജനുവരി ഒന്നിനു മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചുവരുന്ന അർഹരായവർക്കു പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രിലിൽ ആരംഭിക്കും. റവന്യു, വനം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
കേരളത്തിലെ മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന (ജോയിന്റ് വെരിഫിക്കേഷൻ) നടത്തുന്നതിനും കേന്ദ്ര സർക്കാർ അനുമതി ആവശ്യമായിരുന്നു.
2024 ഫെബ്രുവരിയിൽ റവന്യൂ മന്ത്രി കെ. രാജനും വനം മന്ത്രി എ. കെ. ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ്, സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണു കേന്ദ്രാനുമതി ലഭിച്ചത്.
1993ലെ പുതിയ ചട്ട പ്രകാരം 1977 ജനുവരി ഒന്നിനു മുൻപ് കുടിയേറിയവരുടെ പട്ടയം അപേക്ഷകൾ സ്വീകരിച്ച് നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാരിനു കഴിയുമായിരുന്നില്ല. കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്തവരുടെയും അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണു സംസ്ഥാന സർക്കാരിന്റെ നിരന്തര ശ്രമഫലമായി കേന്ദ്രസർക്കാരുമായി ചർച്ച നടത്താനും സംയുക്ത പരിശോധനക്കായുള്ള അനുമതി നേടാനുമായത്. മലയോരമേഖലയിൽ പുതിയ അപേക്ഷ സ്വീകരിക്കാനും അതിന്റെ ഭാഗമായുള്ള വെരിഫിക്കേഷൻ നടത്താനും കേരളത്തിനു പ്രത്യേക അനുവാദം ലഭിച്ചു.
ഇതേത്തുടർന്ന്, 1977 ജനുവരി ഒന്നിനു മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന മുഴുവൻ പേർക്കും അതത് പ്രദേശത്ത് ബാധകമായ പതിവ് ചട്ടങ്ങൾ പ്രകാരം യോഗ്യതയ്ക്കനുസൃതമായി പട്ടയം നൽകുന്നതിനായി സംസ്ഥാന സർക്കാർ 2024 മാർച്ച് 1 മുതൽ 31 വരെ സമഗ്ര വിവര ശേഖരണം നടത്തുന്നതിനു വില്ലേജ് ഓഫീസുകളിൽ സൗകര്യം ഒരുക്കിയിരുന്നു.
എന്നാൽ, അർഹരായ പലർക്കും ഈ ഘട്ടത്തിൽ അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ലെന്ന കർഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന പ്രകാരം ജൂലൈ 10 മുതൽ 31 വരെ വീണ്ടും വിവര ശേഖരണത്തിനു സൗകര്യം നൽകിയിരുന്നു. രണ്ടു ഘട്ടങ്ങലായി നടന്ന വിവരശേഖരണത്തിലൂടെ 59,830 അപേക്ഷകളാണു ലഭിച്ചത്.