കുടിയേറ്റ തൊഴിലാളികളുടെ മരണം കേന്ദ്രത്തിനെതിരേ രാഹുൽ
Tuesday, September 15, 2020 11:48 PM IST
ന്യൂഡൽഹി: ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളികൾ മരിച്ചതു സംബന്ധിച്ച വിഷയത്തിൽ വിവരങ്ങൾ ലഭ്യമല്ലെന്ന കേന്ദ്ര സർക്കാരിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നിങ്ങൾ കണക്കെടുക്കാത്തതു കൊണ്ട് ആരും മരിച്ചിട്ടില്ലേയെന്നു ചോദിച്ച രാഹുൽ, ലോകം മുഴുവൻ ഇക്കാര്യം അറിഞ്ഞിട്ടും മോദി സർക്കാർ മാത്രം ഒന്നും അറിഞ്ഞിട്ടില്ലെന്നും കുറ്റപ്പെടുത്തി. ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുലിന്റെ പരിഹാസം.
ലോക്ക്ഡൗണ്‍ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്ന് മോദി സർക്കാരിന് അറിയില്ല. എത്ര തൊഴിൽ നഷ്ടപ്പെട്ടെന്നും അറിയില്ല.
നിങ്ങൾ എണ്ണിയിട്ടില്ലെങ്കിൽ ആരും മരിച്ചിട്ടില്ലെന്നാണോ? ജീവനുകൾ നഷ്ടപ്പെടുന്നതിൽ സർക്കാരിനു ശ്രദ്ധയില്ലെന്നത് ദുഃഖിപ്പിക്കുന്നു. അവരുടെ മരണങ്ങൾ ലോകം കണ്ടു, പക്ഷേ, മോദി സർക്കാരിനു അതൊന്നും വാർത്തയായില്ല- രാഹുൽ ട്വിറ്ററിൽ കുറിച്ചു.