അന്തരീക്ഷ മലിനീകരണം: സ്ഥിരം കമ്മീഷന് ഓർഡിനൻസ്
Friday, October 30, 2020 12:41 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾക്കായി സ്ഥിരം കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസ് കേന്ദ്ര സർക്കാർ പുറത്തിറക്കി. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് സർക്കാരിന്റെ നടപടി. വയലിൽ വൈക്കോലും മറ്റും കത്തിക്കുന്നവർക്കും മലിനീകരണം ഉണ്ടാക്കുന്നവർക്കും അഞ്ച് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താനുള്ള വകുപ്പുകൾ ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ മേഖലകളിലെ വയലുകളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയുന്നതിനും ബോധവത്കരണ മേൽനോട്ടത്തിനുമായി സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് മദൻ ബി. ലോകുറിന്റെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.