ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ കൈക്കൂലി ആരോപണം; സിബിഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു
Friday, October 30, 2020 12:41 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് റാവത്തിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗം കേട്ടില്ലെന്നും പരാതിക്കാരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ജാർഖണ്ഡ് ഗോ സേവാ ആയോഗ് സമിതിയുടെ ചെയർമാനായി നിയമിക്കുന്നതിനായി റാഞ്ചി സ്വദേശിയുടെ പക്കൽ നിന്ന് 25 ലക്ഷം രൂപ റാവത്തിന്റെ ബന്ധുവിന്റെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാൻ നിർദേശിച്ചെന്നാണ് പരാതി. 2016 നവംബറിലായിരുന്നു സംഭവം. മാധ്യമ പ്രവർത്തകനായ ഉമേശ് ശർമയാണ് ഹർജി നൽകിയത്. അന്ന് ജാർഖണ്ഡിന്റെ ചുമതല വഹിച്ചിരുന്ന ബിജെപി നേതാവായിരുന്നു ത്രിവേന്ദ്ര സിംഗ് റാവത്ത്.