കോവിഡ് വാക്സിൻ: പ്രധാനമന്ത്രി മൂന്ന് ഗവേഷണകേന്ദ്രങ്ങൾ സന്ദർശിക്കും
Saturday, November 28, 2020 12:19 AM IST
അഹമ്മദാബാദ്/പൂന/ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിൻ നിർമാണത്തിന്റെ പുരോഗതി നേരിട്ടുകണ്ടു മനസിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു മൂന്നുനഗരങ്ങളിലെ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കും. ശാസ്ത്രജ്ഞരുൾപ്പെടെ സംഘത്തോട് അഭിപ്രായം തേടിയശേഷം അദ്ദേഹം ഡൽഹിയിലേക്കു മടങ്ങും.
അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സിറം ഇൻസ്റ്റിറ്റൂട്ട് എന്നിവിടങ്ങളിലാണു പ്രധാനമന്ത്രിയുടെ സന്ദർശനമെന്നും വാക്സിൻ നിർമാണ പുരോഗതി വിലയിരുത്തുകയാണു ലക്ഷ്യമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യം മുഴുവൻ വാക്സിൻ എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ, വെല്ലുവിളികൾ തുടങ്ങിയ ശാസ്ത്രജ്ഞരുമായി അദ്ദേഹം ചർച്ച ചെയ്യും. പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ സ്ഥിരീകരിച്ചു.
അഹമ്മദാബാദിൽനിന്ന് 20 കിലോമീറ്ററകലെ ചാൻഗോദാറിലുള്ള മരുന്നു ഗവേഷണ കേന്ദ്രമായ സൈഡസ് കാഡിലയിലാണു പ്രധാനമന്ത്രി സന്ദർശിക്കുന്നത്. കന്പനി സൈകോവ്-ഡി എന്ന പേരിൽ വികസിപ്പിച്ചെടുക്കുന്ന വാക്സിന്റെ ആദ്യഘട്ട ക്ലിനക്കൽ പരീക്ഷണം നേരത്തെ പൂർത്തിയായിരുന്നു. ഓഗസ്റ്റിൽ രണ്ടാംഘട്ട പരീക്ഷണവും തുടങ്ങി. ഇതിന്റെ ഒടുവിലത്തെ വിവരങ്ങളാണു പ്രധാനമന്ത്രി നിരീക്ഷിക്കുക.
അഹമ്മദാബാദിൽനിന്ന് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്ന അദ്ദേഹം ആഗോള മരുന്നു നിർമാണ കന്പനിയായ അസ്ട്ര സെനക, ലണ്ടനിലെ ഓക്സ്ഫെഡ് സർവകലാശാല എന്നിവരുടെ സഹകരണത്തോടെ സെറം ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രധാനമന്ത്രി സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തും.
തുടർന്ന് ഹൈദരാബാദിലേക്ക്. ഹക്കിംപേട്ട് വ്യോമ താവളത്തിൽ എത്തുന്ന അദ്ദേഹം 50 കിലോമീറ്റർ അകലെ ജിനോംവാലിയിലുള്ള ഭാരത് ബയോടെക്കിലെത്തും. ഭാരത് ബയോടെക്കിന്റെ കോ വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലാണിപ്പോൾ.