പഞ്ചാബിൽ കർഷക പ്രതിഷേധം
Monday, October 14, 2024 3:41 AM IST
അമൃത്സർ: നെല്ലു സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് പഞ്ചാബിൽ കർഷകരുടെ പ്രതിഷേധം. സംസ്ഥാനത്ത് പലയിടത്തും കർഷകർ റോഡ് ഉപരോധിക്കുകയും റെയിൽവേ ട്രാക്കിൽ കുത്തിയിരിപ്പു നടത്തുകയും ചെയ്തു.
സംയുക്ത കിസാൻ മോർച്ച ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ സംസ്ഥാനവ്യാപകമായി റോഡ് ഉപരോധിച്ചു. ഭാരതി കിസാൻ യൂണിയൻ മൂന്നു മണിക്കൂറോളം റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദേശീയപാതകൾ ഉൾപ്പെടെ പലയിടത്തും കർഷകർ റോഡ് ഉപരോധിച്ചതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അരിമില്ലുകാരും കമ്മീഷൻ ഏജന്റുമാരും കർഷകരുടെ സമരത്തിനു പിന്തുണ നൽകുന്നുണ്ട്.