നിരക്കു കുറയ്ക്കാൻ ബാങ്കുകൾക്കു മേൽ സമ്മർദം
Tuesday, August 6, 2019 10:42 PM IST
ന്യൂഡൽഹി: പലിശനിരക്കു കുറയ്ക്കാൻ ബാങ്കുകൾക്കു മേൽ കേന്ദ്ര സർക്കാരിന്റെ സമ്മർദം. നിരക്കു കുറയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം 59 മിനിറ്റ് ഫാസ്റ്റ് ട്രാക്ക് ക്ലിയറൻസ് സംവിധാനവും നടപ്പാക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. പ്രധാനമായും ഓട്ടോ, ഹൗസിംഗ് ലോണുകൾക്കാണ് ഫാസ്റ്റ് ട്രാക്ക് ക്ലിയറൻസ് നല്കാൻ നിർദേശിച്ചിരിക്കുന്നത്. സമീപ നാളുകളിൽ ഈ മേഖലകളിലെ വായ്പ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
വാഹനങ്ങൾ വാങ്ങുന്നതിന് വായ്പാപിന്തുണ നല്കാൻ ബാങ്കുകൾ ശ്രമിക്കണം. വാഹന നിർമാതാക്കളും ഡീലർമാരും നിലവിൽ അഭിമുഖീകരിക്കുന്ന വില്പനയിടിവ് കുറയ്ക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
59 മിനിറ്റിൽ വായ്പ ലഭ്യമാക്കുന്ന സംവിധാനത്തിൽ നേരത്തെ ഒരു കോടി രൂപ വരെ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അത് അഞ്ചു കോടിയിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.