തോൽവിയോടെ റയൽ, ബാഴ്സയ്ക്ക് സമനില
Monday, May 20, 2019 12:15 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് തോൽവിയോടെ സീസണ് അവസാനിപ്പിച്ചു. സ്വന്തം തട്ടകത്തിൽ റയൽ ബെറ്റിസിനോട് മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെട്ടത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളും. മത്സരത്തിൽ പകരക്കാരുടെ പട്ടികയിൽ ഗാരെത് ബെയ്ൽ ഉൾപ്പെട്ടെങ്കിലും സിനദിൻ സിദാൻ അദ്ദേഹത്തെ കളത്തിലിറക്കിയില്ല.
ലീഗിലെ അവസാന മത്സരം ബാഴ്സലോണ ഏവേ പോരാട്ടത്തിൽ 2-2 സമനിലയോടെ അവസാനിപ്പിച്ചു. മെസിയുടെ ഇരട്ട ഗോളാണ് ബാഴ്സയ്ക്കു തുണയായത്.
കിരീടം നേരത്തേ സ്വന്തമാക്കിയ ബാഴ്സയ്ക്ക് 38 മത്സരങ്ങളിൽനിന്ന് 87 പോയിന്റായി. അത്ലറ്റിക്കോ മാഡ്രിഡ് (76), റയൽ മാഡ്രിഡ് (68) എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.