വാർണറിന്റെ പരിക്കിൽ പുലിവാലു പിടിച്ച് രാഹുൽ
Monday, November 30, 2020 11:56 PM IST
സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്ത്. ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ രണ്ട് പോരാട്ടത്തിലും വാർണർ അർധസെഞ്ചുറി നേടി മികച്ച ഫോമിലായിരുന്നു. വാർണർ പുറത്തായത് ഇന്ത്യക്കു ഗുണകരമാണെന്നു മാധ്യമങ്ങളോട് പ്രതികരിച്ച കെ.എൽ. രാഹുൽ പുലിവാലു പിടിച്ചിരിക്കുകയാണ്. രാഹുലിന്റെ പരാമർശം അതിരു കടന്നതാണെന്നായിരുന്നു പൊതുവായ വിലയിരുത്തപ്പെട്ടത്.
വാർണറിന്റെ പരിക്ക് എത്രമാത്രം കഠിനമാണെന്ന് അറിയില്ലെന്നും പരന്പര കഴിയുന്നതുവരെ പരിക്കു ഭേദമാകാതിരിക്കുന്നതാണ് ഗുണകരമെന്നുമായിരുന്നു രാഹുലിന്റെ പരാമർശം.
വാർണർ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിൽനിന്നും ട്വന്റി-20 പരന്പരയിൽനിന്നും പുറത്തായി. ഇന്ത്യൻ ഇന്നിംഗ്സിന്റെ നാലാം ഓവറിൽ പരിക്കേറ്റ വാർണർ മൈതാനം വിട്ടിരുന്നു. ടെസ്റ്റ് പരന്പരയ്ക്കു മുന്പ് അദ്ദേഹം പരിക്കിൽനിന്നു മോചിതനാകുമെന്ന പ്രതീക്ഷയിലാണു ക്രിക്കറ്റ് ഓസ്ട്രേലിയ. വാർണർക്ക് പകരക്കാരനായി ഇടം കൈ ബാറ്റ്സ്മാനായ ഡാർസി ഷോർട്ട് ടീമിൽ ഇടംകണ്ടു.
പാറ്റ് കമ്മിൻസും ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലും ട്വന്റി-20 പരന്പരയിലും ഉണ്ടാകില്ല. ടെസ്റ്റ് പരന്പരയ്ക്കു മുന്പായി കമ്മിൻസിന് വിശ്രമം അനുവദിച്ചതോടെയാണിത്.