ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഏത്...?
Saturday, September 16, 2023 12:48 AM IST
ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പോരാട്ടത്തിന്റെ കിക്കോഫിന് ഇനിയുള്ളത് വെറും മൂന്ന് ദിനങ്ങൾ മാത്രം. സെപ്റ്റംബർ 19നാണ് ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പോരാട്ടത്തിന്റെ കിക്കോഫ്.
19ന് ഗ്രൂപ്പ് എയിൽ ഇന്ത്യയും ആതിഥേയരായ ചൈനയും തമ്മിൽ കൊന്പുകോർക്കും. ഇത്രയൊക്കെയാണെങ്കിലും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർ ആരെല്ലാമെന്നതു സമസ്യയായി തുടരുന്നു. കാരണം, ഏഷ്യൻ ഗെയിംസിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ച ടീമിനെ അല്ല കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചത്.
ഐഎസ്എൽ പ്രശ്നം
ഏഷ്യൻ ഗെയിംസിന് കരുത്തുറ്റ ഇന്ത്യൻ ടീമിനെ അയയ്ക്കണമെന്നതായിരുന്നു മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാകിന്റെ ആവശ്യം. എന്നാൽ, ഈ മാസം 21ന് ഐഎസ്എൽ (ഇന്ത്യൻ സൂപ്പർ ലീഗ്) ഫുട്ബോൾ 2023-24 സീസണ് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പ്രധാന താരങ്ങളെ റിലീസ് ചെയ്യാൻ ക്ലബ്ബുകൾ തയാറായില്ല.
എഐഎഫ്എഫും (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഐഎസ്എൽ ക്ലബ്ബുകളുമായി ചർച്ച നടത്തിയശേഷം പ്രശ്നപരിഹാരത്തിനു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ സുനിൽ ഛേത്രി, കെ.പി. രാഹുൽ തുടങ്ങിയ വിരലിലെണ്ണാവുന്ന മുൻനിര താരങ്ങളെ ഉൾപ്പെടുത്തി എഐഎഫ്എഫ് ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചു. അണ്ടർ 23 കളിക്കാരായിരുന്നു പ്രധാനമായും ടീമിൽ ഉൾപ്പെട്ടത്. ഇതോടെ ടീമിനൊപ്പം ഇഗോർ സ്റ്റിമാക് ചൈനയിലേക്ക് യാത്രതിരിക്കില്ലെന്ന സൂചനയും പുറത്തുവന്നു.
മന്ത്രാലയത്തിന്റെ ടീം
എഐഎഫ്എഫ് വ്യാഴാഴ്ച വൈകിയാണു പുതുക്കിയ ടീം പട്ടിക പ്രഖ്യാപിച്ചത്. എന്നാൽ, ഇന്നലെ കേന്ദ്ര കായിക മന്ത്രാലയം മറ്റൊരു ടീം ലിസ്റ്റ് പുറത്തുവിട്ടു. ഇതോടെയാണ് ഏതു ടീമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബോളിൽ പങ്കെടുക്കുക എന്ന ആശങ്ക ഉയർന്നത്.
മുൻനിര താരങ്ങളായ സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിംഗ് സന്ധു തുടങ്ങിയവരെ ഉൾപ്പെടുത്തിയാണു കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചത് എന്നതാണു ശ്രദ്ധേയം.
രാഹുൽ, ജീക്സണ്
ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റഴ്സിന്റെ രണ്ടു കളിക്കാരാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയത്. മലയാളി അറ്റാക്കിംഗ് മിഡ്ഫീൽഡർ കെ.പി. രാഹുലാണ് ഇതിൽ ശ്രദ്ധേയം. എഐഎഫ്എഫ് പ്രഖ്യാപിച്ച ടീമിൽ കെ.പി. രാഹുലും ബ്രൈസ് മിറാൻഡയുമായിരുന്നു ഉൾപ്പെട്ടത്. എന്നാൽ, കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട ലിസ്റ്റിൽ രാഹുലിനൊപ്പം ജീക്സണ് സിംഗ് ആണ് ടീമിൽ.
എഐഎഫ്എഫ് ടീം
►ഗോൾ കീപ്പർ: ഗുർമീത് സിംഗ്, വിശാൽ യാദവ്.
►പ്രതിരോധം: സുമിത് രാതി, നരേന്ദർ ഗെഹ്ലോട്ട്, ദീപക് ത്യാഗി.
►മധ്യനിര: അമർജിത് സിംഗ് കിയാം, സാമുവൽ ജയിംസ്, കെ.പി. രാഹുൽ, ആയുഷ് ദേവ് ഛേത്രി.
►മുന്നേറ്റം: റഹീം അലി, വിൻസി ബാരെറ്റൊ, സുനിൽ ഛേത്രി, ലിസ്റ്റണ് കൊളാക്കൊ, ഗുർകിരത് സിംഗ്, അനികേത് യാദവ്, ബ്രൈസ് മിറാൻഡ, അബ്ദുൾ റബീഹ്, അസ്ഫർ നൂറാനി.
കേന്ദ്ര മന്ത്രാലയ ടീം
►ഗോൾ കീപ്പർ: ഗുർപ്രീത് സിംഗ് സന്ധു, ഗുർമീത് സിംഗ്, വിശാൽ യാദവ്.
►പ്രതിരോധം: അൻവർ അലി, നരേന്ദർ ഗെഹ്ലോട്ട്, സന്ദേശ് ജിങ്കൻ, ആകാഷ് മിശ്ര, ലാൽചുങ്ഗ്വാന.
►മധ്യനിര: ആയുഷ് ദേവ് ഛേത്രി, അമർജിത് സിംഗ് കിയാം, മഹേഷ് സിംഗ് നെറോം, അബ്ദുൾ റബീഹ്, സാമുവൽ ജയിംസ്, ജീക്സണ് സിംഗ്, സുരേഷ് സിംഗ്.
►മുന്നേറ്റം: റഹീം അലി, അനികേത് യാദവ്, കെ.പി. രാഹുൽ, ലിസ്റ്റണ് കൊളാക്കൊ, സുനിൽ ഛേത്രി, വിൻസി ബാരെറ്റൊ, വിക്രം പ്രതാപ് സിംഗ്.