മൂന്ന് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1581741
Wednesday, August 6, 2025 5:58 AM IST
മഞ്ചേരി: മൂന്ന് കിലോ കഞ്ചാവ് സഹിതം ഇതരസംസ്ഥാന തൊഴിലാളിയെ മഞ്ചേരി എക്സൈസ് സർക്കിൾ സംഘം പിടികൂടി. ബംഗാൾ മുർഷിദാബാദ് സ്വദേശി ജെസീമുദ്ദീൻ ഷെയ്ഖ് (27) ആണ് പിടിയിലായത്.
ബുധനാഴ്ച അർധരാത്രി മഞ്ചേരി - കിഴിശേരി റോഡിൽ നടത്തിയ പരിശോധനയിലാണ് തൃപ്പനച്ചി മൂന്നാം പടിയിൽ വച്ച് യുവാവ് പിടിയിലായത്. തൃപ്പനച്ചി ഭാഗത്ത് ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി മയക്കുമരുന്നു കച്ചവടം നടത്തുന്നതായി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഇൻസ്പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സച്ചിൻദാസ്, അഖിൽദാസ്, വി. ലിജിൻ എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയത്.