‘ന്യൂനപക്ഷങ്ങളെ അരക്ഷിത ബോധത്തിലേക്ക് ബിജെപി തള്ളിവിടുന്നു’
1581516
Tuesday, August 5, 2025 7:52 AM IST
മലപ്പുറം: രാജ്യത്തെ ന്യൂനപക്ഷങ്ങളെ അരക്ഷിത ബോധത്തിലേക്ക് തള്ളിവിടുകയാണ് ബിജെപി ഭരണകൂടങ്ങളെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആസാം-ഛത്തീസ്ഗഡ് അതിക്രമങ്ങൾക്കെതിരേ മലപ്പുറം ടൗണ്ഹാൾ അങ്കണത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കന്യാസ്ത്രീകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരേ നടത്തുന്ന ക്രൂരമായ ആക്രമണത്തിലൂടെ രാജ്യത്തെ അപമാനിക്കുകയാണ് ബിജെപി ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ പോലും വിദ്വേഷത്തിനുള്ള വേദിയാക്കി മാറ്റി. ഒരു രാജ്യത്തിനും ഇതുപോലെ ഏറെ നാൾ മുന്നോട്ട് പോകാനാകില്ല. ഇതിനെതിരേ ശക്തമായ ജനകീയ പ്രതിരോധമുയരുമെന്നും ഭരണകൂടങ്ങൾക്ക് തിരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ചില മൂല്യങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം വർഗീയ, വിഭാഗീയ പ്രവർത്തനങ്ങൾ ഏൽക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച് കേരള സ്റ്റോറിയെന്ന പേരിൽ വ്യാജ സിനിമയെടുക്കുകയും അതിന് അവാർഡ് നൽകി അംഗീകാരം നൽകുകയും ചെയ്യുന്നു. രാജ്യത്തെ ഭരണകൂടങ്ങളിൽ നിന്നുണ്ടാകുന്ന ഏകാധിപത്യ, മനുഷ്യത്വ രഹിത, ഭരണഘടനാ വിരുദ്ധ ചെയ്തികൾക്കെതിരേ ഉറച്ച സ്വരം ഉയരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഊരകം ഫാത്തിമ മാതാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചെന്പുകണ്ടത്തിൽ മുഖ്യാതിഥിയായിരുന്നു. ആൾക്കൂട്ട വിചാരണയും അതിക്രമവും വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിയമവാഴ്ച ഇല്ലാതായോ എന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കണമെന്ന് ഫാ. സെബാസ്റ്റ്യൻ ചെന്പുകണ്ടത്തിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരേ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള തീവ്രവാദ സംഘടനകൾ അതിക്രമം നടത്തുകയാണ്. രാജ്യത്ത് നടക്കുന്ന വിവിധ സംഭവങ്ങൾ പരിശോധിച്ചാൽ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് നീക്കമെന്ന് മനസിലാകും. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങൾ മതേതര വിരുദ്ധരുടെ താവളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കാസ ബിജെപിക്ക് വേണ്ടി ഇരുട്ടിൽ നിന്ന് പ്രവർത്തിക്കുകയാണ്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചപ്പോൾ ഞങ്ങളാണ് രക്ഷിച്ചതെന്ന അവകാശവാദവുമായെത്തിയ ബിജെപി നേതാക്കൾ സ്വയം പരിഹാസ്യരാവുകയാണ്. ക്രിസ്ത്യാനികൾ ശത്രുക്കളാണെന്ന് എഴുതിവച്ച പ്രത്യയ ശാസ്ത്രം പിന്തുടരുന്നവർക്ക് അതിനാകില്ല. നമ്മൾ ഒറ്റക്കെട്ടായി നേടിയെടുത്ത സ്വാതന്ത്ര്യവും സൃഷ്ടിച്ച മതേതര, ജനാതിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ നമ്മൾ ശക്തമായ പോരാട്ടത്തിനിറങ്ങണമെന്നും ഭരണാഘടനയുടെ കവലാളാവാനുള്ള ഇത്തരം കൂട്ടായ്മകൾ ഇനിയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽബാബു, എംഎൽഎമാരായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. യു.എ. ലത്തീഫ്, പി.കെ. ബഷീർ, പി. ഉബൈദുള്ള, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, എസ്ടിയു ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ ഇസ്മായിൽ മൂത്തേടം, കെ. കുഞ്ഞാപ്പുഹാജി വണ്ടൂർ, പി. സൈതാലവി, സലീം കുരുവന്പലം, നൗഷാദ് മണ്ണിശേരി, കെ.എം. അബ്ദുൾ ഗഫൂർ, ഉസ്മാൻ താമരത്ത്, പി.എം.എ. സമീർ, അൻവർ മുള്ളന്പാറ, കെ.ടി. അഷ്റഫ്, അഡ്വ. പി.പി. ഹാരിഫ്, വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ, ട്രഷറർ അഷ്റഫ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.