തദ്ദേശ തെരഞ്ഞെടുപ്പ് : തയാറെടുപ്പുകൾ തുടങ്ങി രാഷ്ട്രീയ പാർട്ടികൾ
1580845
Sunday, August 3, 2025 5:44 AM IST
തേഞ്ഞിപ്പലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടങ്ങി രാഷ്ട്രീയ പാർട്ടികൾ. ഉറച്ച വോട്ടുകൾ ബാലറ്റ് പെട്ടിയിൽ എത്തിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും നടപ്പാക്കിയും മുന്നോട്ടുപോകാനാണ് തയാറെടുപ്പ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഈമാസം ഏഴ് വരെ മാത്രമേ സമയമുള്ളൂ എന്നതിനാൽ അതിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഓണ്ലൈനായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ സൗകര്യമുള്ളതിനാൽ മൊബൈൽ ഫോണ് ഉപയോഗിച്ച് വരെ വോട്ടു ചേർക്കാനാകും. അതിനാൽ നൂതന സങ്കേതങ്ങളെ പരിചയപ്പെടുത്തിയും പ്രചരിപ്പിച്ചും എല്ലാ വോട്ടുകളും പട്ടികയിൽ ചേർത്താനാണ് ശ്രമം. എന്നാൽ അവസാനഘട്ടം വരെ കാത്തിരുന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാങ്ങ് ആകാൻ സാധ്യതയുള്ളതിനാൽ നാലിനകം തന്നെ വോട്ട് ചേർക്കൽ പ്രക്രിയ പൂർത്തീകരിക്കാനാണ് രാഷ്ട്രീയ പാർട്ടി നേതൃത്വം പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിർദേശം.
ഇതിന് മുന്നോടിയായി പഞ്ചായത്ത് തല യോഗങ്ങളും ശില്പശാലകളും പൂർത്തിയാക്കി താഴെ തട്ടിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാനാണ് പ്രവർത്തകരോട് പറഞ്ഞിട്ടുള്ളത്.
ഇടവിട്ട് ഗൃഹസന്ദർശനങ്ങൾ നടത്താനും കുടുംബങ്ങളിലെ പ്രയാസങ്ങൾ മനസിലാക്കി പരിഹാരം ചെയ്തുകൊടുത്തും കൂടെനിന്നും ഒപ്പം നിർത്തി വോട്ടുകൾ ഉറപ്പിക്കുകയാണ് ലക്ഷ്യം. സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ പ്രചാരണത്തിന് ഉപയോഗിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നേരത്തെ തന്നെ ഒരുക്കാനാണ് തീരുമാനം.
മുസ്ലിം ലീഗ്, കോണ്ഗ്രസ് സംഘടനകളും യുഡിഎഫിലെ ഘടക കക്ഷികളും സർക്കാരിനെതിരായ പ്രചാരണത്തിൽ ഊന്നുന്പോൾ ദേശീയ, അന്തർദേശീയ വിഷയങ്ങളും സർക്കാരിന്റെ വികസന നേട്ടങ്ങളും എണ്ണിപ്പറഞ്ഞ് പ്രചാരണത്തിന് ഇറങ്ങാനാണ് സിപിഎം തീരുമാനം. നിലവിൽ ജില്ലയിൽ 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഇവിടങ്ങളിലെ പ്രാദേശിക വിഷയങ്ങളും ചർച്ചയാകും.