വിദ്യാർഥികളെ കയറ്റാത്ത ബസുകൾക്കെതിരേ നടപടി വേണമെന്ന്
1580850
Sunday, August 3, 2025 5:44 AM IST
മഞ്ചേരി: വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതി പരിഹരിക്കാൻ പോലീസും ആർടിഒയും നടപടികൾ സ്വീകരിക്കണമെന്ന് ഏറനാട് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. കാരക്കുന്ന് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതി സമിതി അംഗമായ എൻ.പി. മുഹമ്മദ് ആണ് ഉന്നയിച്ചത്. പല സമയങ്ങളിലും ബസുകൾ കാരക്കുന്ന് സ്റ്റോപ്പിൽ നിർത്താതെ പോവുകയാണെന്നും ചൂണ്ടിക്കാട്ടി.
അരീക്കോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസിൽ പഠനം നടത്തുന്ന ആണ്‍കുട്ടികൾ ക്ലാസ് റൂമിലേക്ക് രാസവസ്തുക്കൾ കൊണ്ടുവരികയും ഇതിന്റെ ഗന്ധം മൂലം മൂന്ന് പെണ്‍കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. വിഷയത്തിൽ അരീക്കോട് പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഇത്തരത്തിൽ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് അവബോധം സ്കൂളുകളിലേക്ക് നൽകണമെന്നും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമിതിയെ അറിയിച്ചു.
വാഹന സൗകര്യമില്ലാത്തിനാൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കളക്കപ്പാറ ഉന്നതിയിലുള്ള മൂന്ന് കുട്ടികൾക്ക് സ്കൂളിൽ എത്താനാകുന്നില്ലെന്നും പഠനം നിർത്തിയ കുട്ടികളെ ഈ അധ്യായന വർഷത്തിൽ പൂവത്തിങ്കൽ ജിയുപി സ്കൂളിൽ ചേർത്ത് പഠന സൗകര്യമൊരുക്കണമെന്നും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു. സീതിഹാജി, ഐജിബിടി ബസ് സ്റ്റാൻഡുകളിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഏറനാട് താലൂക്ക് തഹസിൽദാർ കെ.എസ്. അഷ്റഫ്, രാഷ്ട്രീയ പ്രതിനിധികളായ എൻ.പി. മുഹമ്മദ്, ഇ. അബ്ദുള്ള, ടി.പി. വിജയകുമാർ, ഒ.ജെ. സജി, പുലിയോടൻ മുഹമ്മദ്, കെ.എം. ജോസ്, കെ.ടി. ജോണി, സി.ടി. രാജു, വല്ലാഞ്ചിറ നാസർ തുടങ്ങിയവർ സംസാരിച്ചു.