പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നൽകിയത് 2100 കുപ്പി രക്തം
1581210
Monday, August 4, 2025 5:40 AM IST
അങ്ങാടിപ്പുറം: രക്തദാനത്തിന്റെ 20 വർഷങ്ങൾ പിന്നിട്ട പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഇത് ജീവിതപുണ്യം. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും പൂർവവിദ്യാർഥികളും നാട്ടുകാരും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലേക്ക് ഇതിനകം നൽകിയത് 2100 കുപ്പി രക്തം.
നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് രക്തദാനത്തിന്റെ 20-ാം വാർഷികം സ്കൂളിൽ നടന്നത്. ഈവർഷം രണ്ടു രക്തദാന ക്യാംപുകൾ കൂടി സംഘടിപ്പിക്കും.
2005ൽ ജില്ലയിൽ ആദ്യമായി ഹയർ സെക്കൻഡറി തലത്തിൽ രക്തദാന പ്രസ്ഥാനത്തിനു തുടക്കമിട്ടത് സെന്റ് മേരീസ് സ്കൂളിലാണ്. സ്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം യഥാസമയം രക്തം എത്തിച്ചുനൽകാൻ പി.കെ.നിർമ്മൽകുമാർ, സേവ്യർ എം.ജോസഫ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സേവനവിഭാഗവും ഉണ്ട്.
അധ്യാപകരായ മനോജ് കെ.പോൾ,ജോർജ് ജേക്കബ്, അനധ്യാപകൻ അഖിൽ സെബാസ്റ്റ്യൻ എന്നിവർ രക്തം നൽകി ക്യാംപ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സാജു ജോർജ് ആധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ടി.സുമ, മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് സാലിം, മനോജ് വീട്ടുവേലിക്കുന്നേൽ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോഓർഡിനേറ്റർമാരായ പി.കെ.നിർമൽകുമാർ, കെ.വി.സിന്ധു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.വി.സുജാത, കൗൺസിലർ എം.കെ.സജ്ന എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ സേവ്യർ എം.ജോസഫ്, ബിനു കെ.ജോർജ്, മനോജ് കെ.പോൾ, ജോർജ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.