കെഎസ്ടിഎ മാർച്ചും ധർണയും നടത്തി
1580846
Sunday, August 3, 2025 5:44 AM IST
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, നവകേരള സൃഷ്ടിക്കായി അണിചേരുക, അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കുക, ശന്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) മലപ്പുറത്ത് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
ആയിരക്കണക്കിന് അധ്യാപകർ അണിനിരന്ന മാർച്ച് കളക്ടറുടെ ബംഗ്ലാവ് പരിസരത്ത് നിന്ന് ആരംഭിച്ച് മലപ്പുറം ടൗണ്‍ ഹാൾ പരിസരത്ത് അവസാനിച്ചു. ടൗണ്‍ ഹാളിനു മുന്നിൽ നടന്ന ധർണ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഇ.എസ്. അജിത് ലൂക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രത്നാകരൻ ക്യൂബൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ഷക്കീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.പി. ബാബുരാജ്, എ. വിശ്വംഭരൻ, ജില്ലാ സെക്രട്ടറി കെ. സരിത, ട്രഷറർ കെ. വീരാപ്പു എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിനും ധർണയ്ക്കും ജില്ലാ ഭാരവാഹികളായ കെ. രജനി, എം. പ്രഹ്ളാദ കുമാർ, ഷൈജി ടി. മാത്യു, സുരേഷ് കൊളശേരി, സി. ഹരിദാസൻ ടി. മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. ധർണയിൽ പങ്കെടുത്തവരിൽ നിന്ന് സ്വരൂപിച്ച ക്യൂബൻ ഐക്യദാർഢ്യ ഫണ്ട് ജില്ലാ സെക്രട്ടറിയിൽ നിന്ന് കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ഏറ്റുവാങ്ങി.