പോക്സോ കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി
1580702
Saturday, August 2, 2025 5:30 AM IST
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെയാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് എ.എം. അഷ്റഫ് വെറുതെ വിട്ടത്.
അയല്‍വാസിയായ യുവാവ് 2024 ഡിസംബര്‍ ഒന്നിന് 13കാരിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കേസില്‍ അറസ്റ്റിലായ യുവാവ് 14 ദിവസം റിമാൻഡിലായിരുന്നു. എന്നാല്‍ പരാതിക്കാരിയുടെ കുടുംബവും പ്രതിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു.
ഇക്കാര്യം വാഴക്കാട് പോലീസ് കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. മാത്രമല്ല പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കണ്ടെത്തിയ മുറിവുകള്‍ കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ദിവസത്തിന് ഏറെ മുമ്പുണ്ടായതാണെന്ന് കേസിലെ സാക്ഷിയായ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടറും മൊഴി നല്കി.
പ്രോസിക്യൂഷന് 13 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 15 രേഖകളും ഹാജാരാക്കിയിരുന്നു. എന്നാല്‍ അതിര്‍ത്തി തര്‍ക്കത്തിലെ വൈരാഗ്യത്തിന്റെ പേരില്‍ വ്യാജ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സിയ മുര്‍ശിദ്, കെ.വി. യാസര്‍ എന്നിവര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.