നിലന്പൂർ മണ്ഡലത്തിലെ ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണ
1581515
Tuesday, August 5, 2025 7:52 AM IST
നിലന്പൂർ:നിലന്പൂർ മണ്ഡലത്തിലെ ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉൗർജിത നടപടികൾ ഉണ്ടാകുമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. മണ്ഡലത്തിലെ ആദിവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോത്തുകൽ, വാണിയംപുഴ നഗറിലെ കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന് സ്ഥലം ലഭ്യമാക്കും. കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, പുലിമുണ്ട നഗറുകളിലെ മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയുടെ രേഖകൾ 20 നകം കൈമാറും.
ചാലിയാർ പുഴക്ക് കുറുകെയുള്ള ഇരുട്ടുകുത്തി പാലത്തിന്റെ പ്രവൃത്തി ത്വരിതഗതിയിലാക്കി നടന്ന് പോകാനുള്ള സൗകര്യം ഏർപ്പെടുത്തും. 2026 മാർച്ച് 31 ന് മുന്പ് പാലം യഥാർഥ്യമാക്കും. പുഞ്ചക്കൊല്ലി പാലത്തിന് ഭരണാനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.ആധാർ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്യാന്പുകൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
എടക്കരയിലും കരുളായിലും മെഡിക്കൽ ക്യാന്പുകൾ നടത്തും. കരുളായി ഉൾവനത്തിലെ മാഞ്ചീരിയിലേക്കുള്ള റോഡ് എട്ട് കിലോമീറ്റർ കൂടി ഏറ്റെടുത്ത് നടപ്പാക്കും. നിലന്പൂർ മണ്ഡലത്തിൽ അറ്റകുറ്റപണിക്കായി 200 വീടുകൾക്ക് രണ്ടര ലക്ഷം രൂപ വീതം ഐടിഡിപി നൽകുന്ന പദ്ധതിയും യാഥാർഥ്യമാക്കാൻ ശ്രമം നടത്തും.
വന്യമൃഗശല്യം പരിഹരിക്കാൻ വിവിധ പദ്ധതികളുടെ ഫണ്ട് ഉപയോഗിച്ച് 27.73 കിലോമീറ്റർ ഭാഗത്ത് സോളാർ വൈദ്യുത തൂക്കുവേലിയുടെ പ്രവൃത്തി നടന്നുവരുന്നു. ത്രിതല പഞ്ചായത്തുകളുടെ ഉൾപ്പെടെ സഹായത്തോടെ വന്യമൃഗ ശല്യം പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. വനം വകുപ്പ് സ്ഥാപിക്കുന്ന സോളാർ വൈദ്യുത വേലികൾ പലതും പ്രവർത്തനരഹിതമാണ്. ഇക്കാര്യം ഡിഎഫ്്ഒമാർ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. പഞ്ചായത്ത് ഭരണ സമിതികൾ വനം വകുപ്പുമായി സഹകരിച്ചാൽ ഇത് പരിഹരിക്കാനാകും.
അഞ്ച് കിലോമീറ്റർ വൈദ്യുത വേലിക്ക് ഒരു വാച്ചർ എന്ന നിലയിൽ ഉണ്ടെങ്കിൽ വേലികൾ സംരക്ഷിക്കാനാകുമെന്നും ഡിഎഫ്ഒമാർ ചൂണ്ടിക്കാട്ടി.മുണ്ടേരി ഫാമിലെ പഴയ ക്വാർട്ടേഴ്സുകളിൽ കഴിയുന്ന തണ്ടൻകല്ല് ആദിവാസി നഗറിലെ കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഭൂമി ലഭ്യമാക്കും. ആദിവാസി കുട്ടികളുടെ കോളജ് പഠനത്തിന് സൗകര്യമൊരുക്കാൻ വനംവകുപ്പ്, റവന്യൂ വകുപ്പിന് നിലന്പൂർ തൃക്കൈക്കുത്ത് കൈമാറിയ ഭൂമിയിൽ നിന്ന് 50 സെന്റ് ലഭ്യമാക്കും. കരുളായി ഉൾവനത്തിൽ പാണപുഴ, പാണപ്പുഴ, കണ്ണിക്കൈ, മാഞ്ചിരി എന്നിവിടങ്ങളിൽ കരിന്പുഴക്ക് കുറുകെ നടപ്പാലം നിർമിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു.
കളക്ടർ വി.ആർ. വിനോദ്, ഡിഎഫ്ഒമാരായ പി. ധനേഷ് കുമാർ, ജി. ധനിക് ലാൽ, എസിഎഫ് അനിഷ സിദ്ദീഖ്, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, എ. ഗോപിനാഥ്, ഐടിഡിപി പ്രൊജക്ട് ഓഫീസർ പി. ഇസ്മായിൽ, നിലന്പൂർ തഹസിൽദാർ എ.പി. സിന്ധു, ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.