സിപിഎം സമരം സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന്
1580848
Sunday, August 3, 2025 5:44 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം നടത്തുന്ന സമരം ഭരണ, വികസന പ്രതിസന്ധി സൃഷ്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദയും വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിലും അഭിപ്രായപ്പെട്ടു. ഭരണം അവസാനിക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ സമരം നടത്തുന്നത് മറ്റെന്തിനാണെന്ന് അവർ ചോദിച്ചു.
ജീവനക്കാരെ ജോലി ചെയ്യാൻ സമ്മതിക്കാതെ നിരന്തരം കൂട്ടത്തോടെ സ്ഥലംമാറ്റുക, നിർമാണ പ്രവൃത്തികൾക്കും കെട്ടിട നിർമാണങ്ങൾക്കും പെർമിറ്റ് നൽകുന്നതിനും നേതൃത്വം നൽകേണ്ട എൻജിനിയറിംഗ് വിഭാഗത്തിലെ തസ്തികകളിൽ നിയമനം നടത്താതെ ഒഴിച്ചിടുക, ഫണ്ടുകൾ വെട്ടി കുറയ്ക്കുക, ട്രഷറിയിൽ ബില്ലുകൾ കൊടുത്താൽ പണം പാസാക്കി നൽകാതിരിക്കുക, ട്രഷറിയിൽ ബില്ലുകൾ സ്വീകരിക്കാതിരിക്കുക, പെർമിറ്റ് ഫീസും മറ്റു വിവിധ സേവന നികുതികളും ക്രമാതീതമായി വർധിപ്പിക്കുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് സർക്കാരാണ്.
ഇതുമൂലമുള്ള പ്രതിസന്ധിയേ പഞ്ചായത്തിലുള്ളൂവെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ ഭരണസമിതിയുടെ കാലാവധിക്കിടയിൽ ആറ് സെക്രട്ടറിമാരാണ് മാറ്റി നിയമിക്കപ്പെട്ടത്. പഞ്ചായത്തിലെ ഭരണകക്ഷിക്ക് എട്ട് തവണ സർക്കാരിനെതിരേ സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്.
സർക്കാരിന്റെ ദ്രോഹ നടപടികൾ സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് ഭരണവും സമരവും ഒരുമിച്ച് നടത്തേണ്ടി വന്നത്. ഇതെല്ലാം അറിയാവുന്ന ജനങ്ങൾക്ക് മുന്നിൽ സിപിഎം നാടകം കളിക്കുകയാണെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും ചൂണ്ടിക്കാട്ടി.