കന്യാസ്ത്രീകളുടെ അറസ്റ്റ്: നിലന്പൂരിൽ വൻ പ്രതിഷേധ റാലി
1580835
Sunday, August 3, 2025 5:18 AM IST
നിലന്പൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നിലന്പൂരിൽ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ പ്രതിഷേധമിരന്പി. നിലന്പൂർ ലിറ്റിൽ ഫ്ളവർ ദേവാലയ അങ്കണത്തിൽനിന്ന്് പുതിയ ബസ് സ്റ്റാൻഡിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികളും ഉൾപ്പെടെ വൻ ജനാവലിയാണ് അണിനിരന്നത്.
വൈദികരും കന്യാസ്ത്രീകളും അടക്കം ബാനറിന് പിന്നിൽ അണിനിരന്നു. പ്ലക്കാർഡുകളുമേന്തി നടന്ന റാലിയിൽ ന്യൂനപക്ഷ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് റാലി സമാപിച്ചു.
ലിറ്റിൽ ഫ്ളവർ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ മുഖ്യപ്രഭാഷണം നടത്തി. കേക്കും മധുരവും നൽകി മയക്കാമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ കന്യാസ്ത്രീകളെ ഒന്പത് ദിവസമാണ് ജയിലിൽ അടച്ചത്. കുഞ്ഞാടുകളെ തമ്മിൽ അടുപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ രൂപവും ഭാവവും തങ്ങൾ തിരിച്ചിറിയുന്നുണ്ടെന്നും ഫാ. സെബാസ്റ്റ്യൻ പുത്തേൻ പറഞ്ഞു.
ചിലർ ഇപ്പോൾ ഇതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ എന്താണ് നടന്നതെന്നും ആരാണ് പെടുത്തിയതെന്നും ആരെക്കയാണ് സഹായിച്ചതെന്നും അറിയാം. ജയിൽ കാണിച്ച് ക്രൈസ്തവ സമുദായത്തെ ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫാ.ബിജു ജോസഫ്, ഫാ.തോമസ് ചാപ്രത്ത്, ഫാ.ആന്റോ ഡയനീഷ്യസ്, ഫാ. കുര്യാക്കോസ് കൂന്പക്കൽ, ഫാ.സിജോ പാലാത്ത്,
ഫാ. ഷിന്േറാ പുലിക്കുഴിൽ, ഫാ. സന്തോഷ്, ഫാ.ഷിജു ജോണ്, ഫാ. റോജിൻ, കെസിവൈഎം മേഖല പ്രസിഡന്റ് അമിത, ഫ്രാൻസിസ് അന്പലത്തിങ്ങൽ, ജോയി ചാച്ചിറ, ജസ്റ്റിൻ നീലംപറന്പിൽ, കന്യാസ്ത്രീമാർ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.