തെരുവുനായ്ക്കൾ ഫാം തകർത്ത് കോഴികളെ കൊന്നു
1580853
Sunday, August 3, 2025 5:44 AM IST
വണ്ടൂർ: തിരുവാലിയിൽ തെരുവ് നായ്ക്കൾ ഫാമിൽ കയറി കോഴികളെ കടിച്ചുകൊന്നു. കോഴിപ്പറന്പ് തായംങ്കോട് അത്തിത്താറ്റിൽ മണ്ണൂർക്കര മനോജിന്റെ വീടിനോട് ചേർന്നുള്ള കോഴി ഫാമിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് ഇരുനൂറിലധികം കോഴികളെ കടിച്ചുകൊന്നത്.
ബാക്കിയുള്ളവയെ കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ട്. ഫാമിന് ചുറ്റിലും കെട്ടിയ ഇരുന്പുവല പൊളിച്ചാണ് നായ്ക്കൾ അകത്തു കയറിയത്. രാത്രി കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് ഫാമിൽ എത്തിയപ്പോൾ ഫാമിനുള്ളിൽ കോഴികളെ കടിച്ചു കൊല്ലുന്ന തെരുവ് നായ്ക്കളെയാണ് മനോജ് കണ്ടത്.അക്രമാസക്തമായ ഏതാനും നായ്ക്കൾ ഫാമിന് പുറത്തും ഓടി നടക്കുന്നുണ്ടായിരുന്നു.
ഏറെ പണിപ്പെട്ടാണ് നായ്ക്കളെ ഓടിച്ചത്. 14 വർഷത്തോളമായി കോഴിഫാം നടത്തുന്ന മനോജിന് ഇത് ആദ്യത്തെ അനുഭവമാണ്. 23 ദിവസം പ്രായമായ ഇരുനൂറിലധികം കോഴികളെയാണ് നിമിഷ നേരം കൊണ്ട് നായ്ക്കൾ കടിച്ചുകൊന്നത്.
നിരവധി കോഴികളെ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴിവളർത്തലുമായി മുന്നോട്ടു പോകണമെങ്കിൽ അധികൃതരുടെ ഭാഗത്തുനിന്ന് മനോജിന് സഹായം ലഭ്യമാക്കുകയാണാവശ്യം.