കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി
1581511
Tuesday, August 5, 2025 7:51 AM IST
മഞ്ചേരി : അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയെ മഞ്ചേരി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കാവനൂർ എലിയാപ്പറന്പ് സ്വദേശി അസ്മാബി (36)യെയാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് യുവതി അന്പത് അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. മഴക്കാലമായതിനാൽ ധാരാളം വെള്ളമുള്ള കിണറ്റിൽ മുങ്ങിപ്പൊങ്ങുന്നതിനിടെ പടവിൽ പിടികിട്ടിയതാണ് രക്ഷയായത്. ബന്ധുക്കൾ തൊട്ടടുത്ത് താമസിക്കുന്ന അഗ്നിരക്ഷാ സേനാംഗമായ സി.പി. നിഷാന്തിനെ അറിയിക്കുകയും അദ്ദേഹം മഞ്ചേരി നിലയത്തിലേക്ക് വിവരം കൈമാറുകയുമായിരുന്നു.
സ്റ്റേഷൻ ഓഫീസർ ടി. ഷാജിയുടെ നേതൃത്വത്തിൽ ഉടൻ സേന സ്ഥലത്തെത്തി. സേനാംഗം കെ.കെ. പ്രജിത്ത് കിണറ്റിൽ ഇറങ്ങുകയും റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെയാണ് യുവതിയെ പുറത്തെത്തിക്കുകയുമായിരുന്നു. യുവതിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാദൗത്യത്തിൽ ഓഫീസർമാരായ മുഹമ്മദ് ഹബീബ് റഹ്മാൻ, എം. അനൂപ്, ടി. റാഷിദ്, സി. ശ്രീലേഷ് കുമാർ, എസ്. രഞ്ജിത്ത്, സുബ്രഹ്മണ്യൻ, മനാഫ്, ഉണ്ണികൃഷ്ണൻ, അബ്ദുൾ സത്താർ എന്നിവർ പങ്കെടുത്തു.