കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്ററിന് തുടക്കമായി
1581508
Tuesday, August 5, 2025 7:51 AM IST
എടക്കര: പോത്തുകൽ പഞ്ചായത്തിലെ ചെന്പ്ര നഗറിൽ കുടുംബശ്രീ നിലന്പൂർ ട്രൈബൽ സ്പെഷൽ പ്രൊജക്ടിന്റെ നേതൃത്വത്തിൽ ബ്രിഡ്ജ് കോഴ്സ് സെന്റർ ആരംഭിച്ചു. പോത്തുകൽ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണ് സിന്ധു അശോകൻ ഉദ്ഘാടനം ചെയ്തു.
പട്ടികവർഗ നഗറുകളിലെ സ്കൂളിൽ പോയി തിരിച്ചെത്തുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും നൽകുന്ന വിദ്യാഭ്യാസ പിന്തുണ സംവിധാനമാണ് ബ്രിഡ്ജ് കോഴ്സ് സെന്ററുകൾ. സെന്ററിൽ മെന്ററായി അതേ നഗറിലെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളെ നിയമിച്ചാണ് കോഴ്സ് പ്രവർത്തിക്കുന്നത്. അടിസ്ഥാന ശേഷി വികസനം, പഠനത്തിന് പുറമെ കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക, കലാകായിക ശേഷി വികസനം എന്നിവയാണ് ബ്രിഡ്ജ് കോഴ്സ് സെന്ററിന്റെ ലക്ഷ്യം.
നിലന്പൂർ ട്രൈബൽ സ്പെഷൽ പ്രൊജക്ട് കോ ഓർഡിനേറ്റർ കെ.കെ. മുഹമ്മദ് സാനു അധ്യക്ഷത വഹിച്ചു. എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള 22 കുട്ടികളാണ് സെന്ററിലുള്ളത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സെന്ററിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായി മദർ കമ്മിറ്റി രൂപീകരിച്ചു. കുടുംബശ്രീ ആനിമേറ്റർ നന്ദു, വാർഡ് എഡിഎസ് സെക്രട്ടറി പുഷ്പ, നിഷ, എസ്ടി പ്രൊമോട്ടർമാരായ രാഹുൽ, ശ്യാം, കുടുംബശ്രീ ആനിമേറ്റർമാരായ ശാന്ത ചെന്പ്ര, ദിവ്യ എന്നിവർ പ്രസംഗിച്ചു.